ചിലർക്കു തല്ലു കൊള്ളേണ്ടതാണ്; ഡോക്ടർമാരുടെ കൃത്യവിലോപം ഉയർത്തിക്കാട്ടി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: ഡോക്ടർമാരുടെ കൃത്യവിലോപം ഉയർത്തിക്കാട്ടി കെ ബി ഗണേഷ് കുമാർ എംഎൽഎ. രോഗികളും കൂട്ടിരിപ്പുകാരും ഡോക്ടർമാരെ തല്ലുന്നതു നല്ല കാര്യമാണെന്നു തനിക്ക് അഭിപ്രായമില്ലെങ്കിലും ചിലർക്കു തല്ലു കൊള്ളേണ്ടതാണെന്ന് കെ ബി ഗണേഷ്‌കുമാർ വ്യക്തമാക്കി. നിയമസഭയിൽ ആരോഗ്യവകുപ്പിന്റെ ധനാഭ്യർഥന ചർച്ചയിൽ പ്രസംഗിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഡിസംബർ 17നു തന്റെ മണ്ഡലത്തിലെ വിധവയായ സ്ത്രീയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. അവരുടെ വയറ് ഇതുവരെ സ്റ്റിച്ച് ചെയ്തിട്ടില്ല. ഇക്കാര്യം താൻ മന്ത്രി വീണാ ജോർജിനെ അറിയിച്ചു. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഉടൻ പുനലൂർ താലൂക്കാശുപത്രിയിൽ വിളിച്ചു രോഗിയെ എത്തിക്കാൻ പറഞ്ഞു. ആ സ്ത്രീയെ അഡ്മിറ്റ് ചെയ്യാൻ സർജറിയുടെ ചുമതലയുള്ള ഡോക്ടർ വിസമ്മതിച്ചു. ഈ സ്ത്രീയിൽ നിന്നു ഡോക്ടർ 2000 രൂപ വാങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. വിജിലൻസ് അന്വേഷണം നടത്തിയാൽ താൻ തെളിവുകൾ കൊടുക്കാമെന്നും ഗണേഷ് കുമാർ സഭയിൽ അറിയിച്ചു.

അതേസമയം, ശസ്ത്രക്രിയയ്ക്കു ശേഷം വയറിൽ സ്റ്റിച്ച് ഇടാത്ത സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.