ന്യൂഡൽഹി: ബ്രഹ്മപുരം തീപിടിത്തത്തിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് വിഷയത്തിൽ കേന്ദ്ര സർക്കാർ റിപ്പോർട്ട് തേടിയ വിവരം വ്യക്തമാക്കിയത്. കേരളത്തിന് എല്ലാവിധ പിന്തുണയും നൽകുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
ബ്രഹ്മപുരം വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് മന്ത്രി വി. മുരളീധരനും യുഡിഎഫ് എംപിമാരും ആരോഗ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ വി മുരളീധരൻ കേന്ദ്രമന്ത്രിയോട് വിശദീകരിച്ചു. മാലിന്യ സംസ്‌കരണം സംബന്ധിച്ച ചട്ടങ്ങൾ ഒന്നും പാലിക്കാതെയുള്ള പ്ലാന്റിന്റെ പ്രവർത്തനം, അഴിമതി കരാർ തുടങ്ങി വിവിധ വിഷയങ്ങൾ കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്തു.
പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മന്ത്രാലയത്തിൽ നിന്നുള്ള അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യവും വി മുരളീധരൻ മുന്നോട്ടുവെച്ചു.

