ബ്രഹ്മപുരത്തുള്ളത് വർഷങ്ങൾ കൊണ്ട് രൂപപ്പെട്ട മാലിന്യമല; വിവാദങ്ങൾക്കിടെ വസ്തുത കാണാതിരിക്കരുതെന്ന് എം ബി രാജേഷ്

കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ പ്രതികരണവുമായി തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ്. ബ്രഹ്മപുരത്തുള്ളത് വർഷങ്ങൾ കൊണ്ട് രൂപപ്പെട്ട മാലിന്യമലയാണെന്ന് അദ്ദേഹം പറഞ്ഞു.

വിവാദങ്ങൾക്കിടെ ആ വസ്തുത കാണാതിരിക്കരുത്. ബ്രഹ്മപുരത്ത് കൊച്ചി കോർപ്പറേഷൻ പിന്തുടർന്നുവന്നത് എല്ലാ മാലിന്യങ്ങളും ഒരിടത്ത് നിക്ഷേപിക്കുകയെന്ന അശാസ്ത്രീയ രീതിയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാന സർക്കാരാണ് ഈ അശാസ്ത്രീയ രീതി മാറ്റാൻ തീരുമാനിച്ചത്. ഉറവിടങ്ങളിൽ തന്നെ മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനം കൊണ്ടുവരും. ആദ്യമായിട്ടല്ല തീപിടിത്തം സംഭവിക്കുന്നതെന്നും പക്ഷേ ഇത്തവണ അതിന്റെ വ്യാപ്തി കൂടിയതാണ് പ്രശ്നങ്ങൾ ഇത്രയും ഗുരുതരമാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.