കൊച്ചി: ബ്രഹ്മപുരം തീപപിടുത്തത്തിൽ ഭരണാധികാരികൾക്കെതിരെ രൂക്ഷ വിമർശനവുമായി കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. ബ്രഹ്മപുരത്തെ വിഷപ്പുക നിയന്ത്രിക്കുന്നതിൽ ഭരണാധികാരികൾക്ക് വീഴ്ച പറ്റിയെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണം നടക്കട്ടെയെന്നും തെറ്റുകാർ ശിക്ഷിക്കപ്പെടട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
മാലിന്യ നിർമ്മാർജ്ജനത്തിന് കൃത്യമായ കർമ്മപദ്ധതികൾ വേണമെന്നും ഇതിനായി ബജറ്റിൽ പണം നീക്കിവെക്കണമെന്ന ആവശ്യവും മാർ ജോർജ്ജ് ആലഞ്ചേരി മുന്നോട്ടുവെച്ചു. ഈ അഗ്നിബാധയെക്കുറിച്ചല്ല നാം കൂടുതൽ ശ്രദ്ധിക്കേണ്ടത്. മാലിന്യ നിർമ്മാർജ്ജനത്തിൽ മാലിന്യ സംസ്‌കരണ പ്രക്രിയയിൽ നമ്മുടെ ഭരണ സംവിധാനം പരാജയപ്പെടുന്നോ എന്നാണ്. അവിടെ തീയിട്ടതാണോ തീ പിടിച്ചതാണോ എന്നുളള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. അതിനെക്കാളുപരി മാലിന്യത്തിന്റെ ദുരീകരണത്തിലും സംസ്‌കരണത്തിനും നമ്മുടെ ഭരണ സംവിധാനം എന്തു ചെയ്യുന്നു എന്നുള്ളതാണ്. ഈ മാലിന്യമല ഇതുപോലെ കത്തിയെരിഞ്ഞപ്പോൾ ഇവിടെയെല്ലാം പുക നിറഞ്ഞപ്പോൾ ജനങ്ങൾ ശ്വാസം മുട്ടിയപ്പോൾ അത് ഭരണവ്യവസ്ഥയുടെ വലിയ പരാജയമാണെന്നും അദ്ദേഹം വിമർശിച്ചു.

