കൊച്ചി കോർപ്പറേഷൻ കൗൺസിൽ പിരിച്ചുവിടണം; നടപടി ഉണ്ടായില്ലെങ്കിൽ ജനങ്ങളോട് ചെയ്യുന്ന കടുത്ത അനീതിയാകുമിതെന്ന് വി മുരളീധരൻ

തൃശൂർ: കൊച്ചി കോർപ്പറേഷൻ കൗൺസിൽ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരൻ. ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. നടപടി ഉണ്ടായില്ലെങ്കിൽ ജനങ്ങളോട് ചെയ്യുന്ന കടുത്ത അനീതിയാകുമിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. ദുരന്തം വരുമ്പോൾ ഓടിയൊളിക്കുകയാണ് മുഖ്യമന്ത്രി. ബ്രഹ്മപുരം തീപിടുത്തം പത്ത് ദിവസം പിന്നിടുമ്പോഴും മുഖ്യമന്ത്രി ഒരക്ഷരം ഉരിയാടുന്നില്ല. വൈക്കം വിശ്വന്റെ മരുമകന് അഴിമതി നടത്താൻ കൂട്ടുനിന്നതിന്റെ ജാള്യതയായിരിക്കും മുഖ്യമന്ത്രിയ്ക്ക്. കർണാടകയിൽ നിന്ന് ഒഴിവാക്കിയ കമ്പനിക്ക് കൊച്ചി കോർപ്പറേഷന്റെ മാലിന്യ സംസ്‌കരണ കരാർ എങ്ങനെ കിട്ടിയെന്ന് സിപിഎം പറയണം. കൊച്ചിയെ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ വർഷങ്ങളിൽ കേന്ദ്രം അനുവദിച്ച കോടികൾ എന്ത് ചെയ്തെന്ന് മാറി മാറി ഭരണം നടത്തിയവർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബ്രഹ്മപുരത്തേക്ക് കേന്ദ്രം ഉടനടി വ്യോമസേനയെ അയച്ചുവെന്നും കേന്ദ്ര പരിസ്ഥിതി, ആരോഗ്യ നഗരവികസന മന്ത്രിമാരെ സ്ഥിതി ധരിപ്പിക്കുമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.