ബ്രഹ്മപുരത്തെ വിഷപ്പുക ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും; മുന്നറിയിപ്പുമായി ഐഎംഎ

കൊച്ചി: ബ്രഹ്മപുരത്തെ വിഷപ്പുക ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഐഎംഎ. ദീർഘകാല അടിസ്ഥാനത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഇപ്പോൾ പ്രവചിക്കാൻ സാധ്യമല്ലെങ്കിലും പുകയുടെ തോതും ദൈർഘ്യവും എത്രത്തോളം കുറയ്ക്കാൻ സാധിക്കുന്നുവോ അത്രയും ഭാവി സുരക്ഷിതമാകുമെന്നാണ് ഐഎംഎ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി പ്രസിഡന്റ് ശ്രീനിവാസ കമ്മത്താണ് ഇക്കാര്യം വ്യക്തമാക്കിയത്.

മാലിന്യപുക കൊണ്ടുള്ള പ്രശ്‌നങ്ങൾ ഭാവിയിലാണ് അനുഭവപ്പെടുക. കാൻസർ, ശ്വസന പ്രശ്‌നങ്ങൾ, ശ്വാസകോശങ്ങൾക്ക് തകരാർ എന്നിവ ഉൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പക്ഷേ അത് സംബന്ധിച്ച് പഠനമൊന്നുമായിട്ടില്ല. ഇത്തരം പ്രശ്‌നങ്ങൾ ഭാവിയിൽ ആവർത്തിക്കപ്പെടാതിരിക്കാനുള്ള ശാശ്വത നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന ആവശ്യവും ശ്രീനിവാസ കമ്മത്ത് മുന്നോട്ടുവെച്ചു.