തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച്ച ആരംഭിച്ച ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടിച്ചത് ചുവപ്പു നിറത്തിൽ. സാധാരണ കറുത്ത നിറത്തിലാണ് ചോദ്യപേപ്പർ അച്ചടിച്ചിരുന്നത്.
ചുവപ്പു നിറത്തിന് എന്താണ് കുഴപ്പമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചോദിച്ചത്. പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ ഒരുമിച്ചു നടക്കുന്നതിനാൽ ചോദ്യപേപ്പർ മാറാതിരിക്കാനാണ് നിറം മാറ്റിയതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എന്നാൽ, ചോദ്യപേപ്പർ കറുപ്പിനു പകരം ചുവപ്പിൽ അച്ചടിച്ചതിനോട് സമ്മിശ്രമായാണ് വിദ്യാർഥികൾ പ്രതികരിച്ചത്.
ചുവപ്പു നിറം പ്രശ്‌നമല്ലെന്നായിരുന്നു ചില വിദ്യാർഥികൾ വ്യക്തമാക്കിയത്. അക്ഷരങ്ങൾ വായിക്കാൻ ബുദ്ധിമുട്ട് നേരിടേണ്ടി വന്നുവെന്ന് ചിലരും പ്രതികരിച്ചു. സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ അധ്യാപക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. മുൻവർഷങ്ങളിലും ഒരേസമയം ഒന്നും രണ്ടും വർഷ പരീക്ഷകൾ നടന്നപ്പോൾ ഉണ്ടാക്കാത്ത പ്രശ്‌നത്തിന്റെ പേരിൽ ഇപ്പോൾ ചോദ്യങ്ങളുടെ നിറം മാറ്റിയതിനെ ന്യായീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകൾ അറിയിച്ചു.

