കൊച്ചി: കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടുത്തത്തിന്റെ സാഹചര്യത്തിലാണ് നാളെയും മറ്റന്നാളും സ്കൂളുകൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. തീപിടുത്തത്തെ തുടർന്ന് ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് കളക്ടർ അറിയിച്ചു.
വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴം, വെള്ളി ദിവസങ്ങളിൽ അവധിയായിരിക്കും. അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും അവധി ബാധകമായിരിക്കും. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ ഉൾപ്പടെ പൊതു പരീക്ഷകൾക്ക് മാറ്റമില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

