സ്വന്തമായി വീടില്ലെന്ന് രാഹുല്‍ ഗാന്ധി; വീട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍

കല്‍പറ്റ: സ്വന്തമായി വീടില്ലെന്നും തനിക്ക് 52 വയസ്സായെന്നും രാഹുല്‍ഗാന്ധി എംപി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധിക്ക് വീട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ അപേക്ഷ നല്‍കി.
പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്പറ്റയില്‍ രാഹുല്‍ഗാന്ധിക്ക് വീടും സ്ഥലവും യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നഗരസഭാ സെക്രട്ടറിക്ക് ബിജെപി ജില്ലാധ്യക്ഷന്‍ കെ.പി മധു അപേക്ഷ നല്‍കിയത്.

തനിക്ക് 52 വയസായെന്നും ഇപ്പോഴും സ്വന്തമായി വീടില്ലെന്നും വ്യക്തമാക്കി റായ്പുരില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം വൈറലായിരുന്നു. അലഹാബാദിലെ കുടുംബ വീട് ഞങ്ങളുടേതല്ല. ഞാന്‍ താമസിക്കുന്നത് 12 തുഗ്ലക് ലെയിനിലെ വീട്ടിലാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിലെ സത്യവാങ്മൂലം പ്രകാരം രാഹുല്‍ ഗാന്ധിയുടെ സമ്ബാദ്യം 5 കോടി 80 ലക്ഷം രൂപയാണ്. ഓഹരി, ബോണ്ട് തുടങ്ങിയവയിലുള്ള നിക്ഷേപം 5 കോടിയും. പോസ്റ്റല്‍ നിക്ഷേപം, ഇന്‍ഷുറന്‍സ് തുടങ്ങിയവയിലായി 40 ലക്ഷം രൂപ. 2.91 ലക്ഷം രൂപയുടെ സ്വര്‍ണവും അടക്കമാണ് 5 കോടി 80 ലക്ഷം രൂപ. 72 ലക്ഷം രൂപയുടെ ബാധ്യതകളും രാഹുലിനുണ്ട്. വയനാട്ടില്‍ മത്സരിക്കുമ്പോള്‍ 40,000 രൂപയായിരുന്നു കൈവശമുണ്ടായിരുന്നത്. വിവിധ ബാങ്കുകളിലായി 17.93 ലക്ഷത്തിന്റെ നിക്ഷേപവും രാഹുലിന്റെ പേരിലുണ്ട്. പരമ്ബരാഗതമായി ലഭിച്ച ഡല്‍ഹിയിലെ സുല്‍ത്താന്‍പൂരിലുള്ള 2.346 ഏക്കര്‍ കൃഷിഭൂമിയില്‍ രാഹുല്‍ ഗാന്ധിക്കും സഹോദരി പ്രിയങ്കയ്ക്കും അവകാശമുണ്ട്. 1 കോടി 32 ലക്ഷം രൂപ വിപണി വിലയുള്ള ഭൂമിയാണിത്. ഗുരുഗ്രാമില്‍ വാണിജ്യാവശ്യത്തിനായുള്ള രണ്ട് കെട്ടിടങ്ങളും രാഹുല്‍ ഗാന്ധിയുടെ പേരിലുണ്ട്. എന്നാല്‍, 2014ലെ തിരഞ്ഞെടുപ്പില്‍ 9.4 കോടിയായിരുന്നു ആകെ ആസ്തിയായി കാണിച്ചിരുന്നത്.