ഇത് മൂന്നാം തവണ; ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ ഒരുമാസം കൂടി സമയം അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ ഒരുമാസം കൂടി സാവകാശം അനുവദിച്ചു. ഇത് മൂന്നാം തവണയാണ് സമയം നീട്ടി നല്‍കുന്നത്. ഭക്ഷ്യസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയത്. ഒരു വര്‍ഷമാണ് ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി.

ഹെല്‍ത്ത് കാര്‍ഡ് കിട്ടാന്‍ ടൈഫോയിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ മേഖലയില്‍ വാക്‌സിന്‍ ലഭ്യമല്ല. സ്വകാര്യ മേഖല കൊള്ളവില ഈടാക്കി വാക്‌സിന്‍ വില്‍പന നടത്തുന്ന കാര്യം പുറത്തുവന്നിരുന്നു.

അതേസമയം, റസ്റ്ററന്റ്- സംഘടനാ പ്രതിനിധികളുടെ അഭ്യര്‍ഥന മാനിച്ചാണ് ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കാനായി ഒരു മാസം കൂടി സാവകാശം നല്‍കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇനി സാവകാശം നല്‍കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.