എപ്പോഴും ഇന്ത്യൻ താൽപര്യങ്ങൾക്ക് മാത്രം പ്രാമുഖ്യം നൽകുന്ന വ്യക്തി; എസ് ജയശങ്കറിനെ പ്രശംസിച്ച് അനിൽ ആന്റണി

ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി. എപ്പോഴും ഇന്ത്യൻ താൽപര്യങ്ങൾക്ക് മാത്രം പ്രാമുഖ്യം നൽകുന്നയാളാണ് എസ് ജയശങ്കറെന്ന് അദ്ദേഹം പറഞ്ഞു. ‘റൈസിന ഡയലോഗ് 2023’ ന്റെ ഭാഗമായി സിഡ്‌നിയിൽ നടന്ന ഒരു ചർച്ചയിൽ ജയശങ്കറിന്റെ സംവാദം ചൂണ്ടിക്കാട്ടിയായിരുന്നു അനിൽ ആന്റണി ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്തിടെയായി ജയശങ്കറിനെ കാണാൻ ഗംഭീരമാണ്. ഉള്ളത് ഉള്ളതുപോലെ പറയുന്നു. ഇന്ത്യൻ താൽപര്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്നു. അത് ആഗോള പ്ലാറ്റ്‌ഫോമുകളിൽ ആത്മവിശ്വാസത്തോടെ പറയുകയും ചെയ്യുന്നുവെന്ന് അനിൽ ആന്റണി ട്വിറ്ററിൽ കുറിച്ചു. സിഡ്‌നിയിലെ പരിപാടിയിൽ ജയശങ്കർ നടത്തിയ പരാമർശവും അനിൽ ആന്റണി പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ, ബിബിസി ഡോക്യുമെന്ററിക്കെതിരെ അനിൽ ആന്റണി രംഗത്തെത്തിയിരുന്നു. ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളേക്കാൾ ബിബിസിയുടെ വീക്ഷണത്തിനു മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണെന്നുമായിരുന്നു അനിലിന്റെ പരാമർശം. സംഭവത്തിൽ കോൺഗ്രസിൽ നിന്നും ശക്തമായ പ്രതിഷേധവും വിമർശനവും നേരിടേണ്ടി വന്നതോടെ അനിൽ ആന്റണി പാർട്ടി സ്ഥാനങ്ങളിൽ നിന്നും രാജിവെയ്ക്കുകയായിരുന്നു.