8,350 കോടി രൂപ ചെലവ്; ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേ ഉദ്ഘാടനം ഈ മാസം അവസാനത്തോടെയുണ്ടാകും

ന്യൂഡൽഹി: ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേ ഉദ്ഘാടനം ഈ മാസം അവസാനത്തോടെയുണ്ടാകുമെന്ന് റിപ്പോർട്ട്. ബംഗളൂരുവിൽ നിന്നും മൈസൂരുവിലേക്കുള്ള യാത്രാസമയം കുറയ്ക്കാൻ ഈ പാത സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലുള്ള NH275 10 വരികളായി വികസിപ്പിച്ചാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) 117 കിലോമീറ്റർ എക്‌സ്പ്രസ് വേ വികസിപ്പിച്ചെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാതയുടെ ഉദ്ഘാടനം നിർവ്വഹിക്കുക.

8,350 കോടി രൂപ ചെലവഴിച്ചാണ് പാത നിർമ്മിച്ചിട്ടുള്ളത്. ബെംഗളൂരുവിലെ നൈസ് പ്രവേശന കവാടത്തിൽ നിന്ന് ആരംഭിച്ച് മൈസൂരിലെ റിംഗ് റോഡ് ജംഗ്ഷനിൽ അവസാനിക്കുന്നതാണ് ഈ എക്‌സ്പ്രസ് വേ. രണ്ട് നഗരങ്ങൾക്കിടയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ദൂരം താണ്ടാൻ ഇനി 90 മിനിറ്റ് മാത്രമായിരിക്കും വേണ്ടി വരികയെന്നാണ് റിപ്പോർട്ടുകൾ. എക്‌സ്പ്രസ് വേയിലെ മുഴുവൻ റീച്ചിലും ഒമ്പത് വലിയ പാലങ്ങൾ, 42 ചെറിയ പാലങ്ങൾ, 64 അണ്ടർപാസുകൾ, 11 മേൽപ്പാലങ്ങൾ, നാല് ആർഒബികൾ (റോഡ് ഓവർ ബ്രിഡ്ജ്) എന്നിവയുണ്ട്. ശ്രീരംഗപട്ടണ ബൈപാസ്, മാണ്ഡ്യ ബൈപാസ്, ബിഡഡി ബൈപാസ്, രാമനഗര, ചന്നപട്ടണ എന്നിവയെ മറികടക്കുന്ന 22 കിലോമീറ്റർ ദൈർഘ്യം, മദ്ദൂർ ബൈപാസ് എന്നിവയുൾപ്പെടെ അഞ്ച് ബൈപാസുകളും ഇതിന് ഉണ്ടാകും.

മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുന്ന തരത്തിലാണ് ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വേഗപരിധി 100 കിലോമീറ്ററിനും 120 കിലോമീറ്ററിനും ഇടയിലായിരിക്കുമെന്നാണ് വിവരം.