എസ്.എസ് രാജമൗലിയെ പോലെ തന്നെ അദ്ദേഹത്തിന്റെ അച്ഛന് വിജയേന്ദ്ര പ്രസാദ് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന സംവിധായകനും തിരക്കഥാകൃത്തുമാണ്. ആര്‍ആര്‍ആര്‍, ബജ്രംഗി ഭായ്ജാന്, മണികര്‍ണിക, മഗധീര, മെര്‍സല്‍ തുടങ്ങിയ ഒട്ടേറെ സൂപ്പര്‍ഹിറ്റുകളാണ് വിജയേന്ദ്ര പ്രസാദിന്റെ തൂലികയില്‍ പിറന്നത്. ഇപ്പോള്‍ അദ്ദേഹം ആര്‍എസ്എസിനെ കുറിച്ചുള്ള സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്ന തിരക്കിലാണ്. ഇതിനെപ്പറ്റി പ്രതികരിച്ചിരിക്കുകയാണ് രാജമൗലി. തിരക്കഥ വായിച്ച് വികാരഭരിതനായി എന്നാണ് സംവിധായകന് പറയുന്നത്.
‘എനിക്ക് ആര്‍എസ്എസ് എന്ന സംഘടനയെക്കുറിച്ച് അത്രയ്ക്ക് ആഴത്തില്‍ അറിയില്ല. എന്നാല്‍, ആര്‍എസ്എസിനെപ്പറ്റി ധാരാളം കാര്യങ്ങള്‍ കേട്ടിട്ടുണ്ട്. പക്ഷേ, അത് എങ്ങനെ രൂപപ്പെട്ടു, അതിന്റെ ആശയങ്ങള്‍ എന്തൊക്കെയാണ്, ആ സംഘടന എങ്ങനെ വികസിച്ചു തുടങ്ങിയ കാര്യങ്ങളൊന്നും എനിക്കറിയില്ല. പക്ഷെ ഞാന്‍ എന്റെ അച്ഛന്റെ തിരക്കഥ വായിച്ച് അങ്ങേയറ്റം വികാരഭരിതനായി. ആ തിരക്കഥ വായിക്കുന്നതിനിടെ ഞാന്‍ പലതവണ കരഞ്ഞു’.
‘ഞാന്‍ വായിച്ച തിരക്കഥ വളരെ വൈകാരികവും മികച്ചതുമാണ്. പക്ഷേ മറ്റുള്ളവര്‍ക്ക് അതേക്കുറിച്ച് എന്തു തോന്നുമെന്ന് എനിക്കറിയില്ല. എന്റെ അച്ഛന് എഴുതിയ തിരക്കഥ ഞാന്‍ സംവിധാനം ചെയ്യുമോ എന്ന് പലരും ചോദിക്കുന്നുണ്ട്. ഒന്നാമതായി, അത് സാധ്യമാകുമോ എന്ന് എനിക്കറിയില്ല. കാരണം എന്റെ അച്ഛന് മറ്റാര്‍ക്കെങ്കിലും വേണ്ടിയാണോ ഈ തിരക്കഥ എഴുതിയതെന്ന് എനിക്ക് അറിയില്ല. ഈ ചോദ്യത്തിന് എന്റെ പക്കല്‍ ഇപ്പോള്‍ കൃത്യമായ ഉത്തരമില്ല. എന്നാല്‍, ഈ കഥ സംവിധാനം ചെയ്യാന്‍ സാധിച്ചാല്‍ അതൊരു ബഹുമതിയായി ഞാന്‍ കണക്കാക്കുന്നു’- രാജമൗലി പറഞ്ഞു.

