തിരുവനന്തപുരം: പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്ക് ജോലി വാങ്ങിക്കൊടുക്കുന്ന രീതി പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നുവെന്ന് സിപിഎം സംസ്ഥാന സമിതി അംഗീകരിച്ച തെറ്റ് തിരുത്തല്‍ രേഖയില്‍ പരാമര്‍ശം. ഭരണം കിട്ടിയതോടെ കിട്ടാവുന്നതെല്ലാം നേടിയെടുക്കാമെന്ന മനോഭാവം ശരിയല്ല, സ്ഥാനമാനങ്ങള്‍ നേടിയെടുക്കാനുള്ള ആര്‍ത്തി പാര്‍ട്ടി സഖാക്കള്‍ ഉപേക്ഷിക്കണമെന്നും തെറ്റ് തിരുത്തല്‍ രേഖയില്‍ ചൂണ്ടിക്കാട്ടി.
‘ഉത്തരവാദപ്പെട്ട ഘടകങ്ങളിലെത്തിയാല്‍ ബന്ധുക്കള്‍ക്കുംസുഹൃത്തുക്കള്‍ക്കും ജോലി വാങ്ങികൊടുക്കുകയെന്നത് ചിലര്‍ അവകാശമായി കാണുന്നു. ഇത്തരം പ്രവര്‍ത്തനം പാര്‍ട്ടിക്ക് ആകെ വലിയ അവമതിപ്പ് ഉണ്ടാക്കുന്നതാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട തൊഴില്‍ പാര്‍ട്ടി നേതാക്കള്‍ തട്ടിയെടുത്തതെന്ന വികാരമാണ് ഉണ്ടാകുന്നത്. പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള അകല്‍ച്ചക്കും സംരക്ഷണം അര്‍ഹിക്കുന്നവര്‍ക്ക് അത് കിട്ടുന്നില്ലെന്ന തോന്നലിലേക്കും ഇത് വഴിയ്ക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണം. ഭരണം കിട്ടയതോടെ കിട്ടാവുന്നതെല്ലാം നേടിയെടുക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. പലവിധ അധികാരങ്ങള്‍ ലഭിച്ചില്ലെന്ന പരാതിക്ക് വരെ ഇത് ഇടയാക്കുന്നുണ്ട്’- രേഖയില്‍ വ്യക്തമാക്കുന്നു.
അതേസമയം, ബന്ധു നിയമന വിവാദം മുന്‍പെങ്ങുമില്ലാത്ത വിധം സര്‍ക്കാരിനേയും സിപിഎമ്മിനേയും പ്രതിരോധത്തിലാക്കുമ്പോഴാണ് തൊഴില്‍ ഒരു അവകാശമല്ലെന്ന് നേതാക്കളെ ഓര്‍മ്മിപ്പിക്കുന്ന തെറ്റു തിരുത്തല്‍ രേഖയുടെ വിശദാംശങ്ങള്‍ പുറത്ത് വരുന്നത്. നേതാക്കളുടെ സംഘടനാപരവും രാഷ്ട്രീയവുമായ അടിയന്തര തിരുത്തല്‍ നിര്‍ദ്ദേശിക്കുന്ന രേഖ ഡിസംബറില്‍ ചേര്‍ന്ന സംസ്ഥാന സമിതിയാണ് അംഗീകരിച്ചത്.

