ആര്‍എസ്എസ്സുമായി മുസ്ലിം സംഘടനകള്‍ ചര്‍ച്ച ചെയ്യരുതെന്ന പിണറായി വിജയന്റെ നിലപാട് ജനാധിപത്യവിരുദ്ധം: കെ. സുരേന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗ്രഹിക്കുന്നത് മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായതുകൊണ്ടാണ് അദ്ദേഹം ഹിന്ദു-മുസ്ലിം സംഘടനകളുടെ ചര്‍ച്ചക്കെതിരെ രംഗത്ത് വന്നിരിക്കുന്നതെന്ന വിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്ത്.

‘ഹിന്ദുക്കളും മുസ്ലിംങ്ങളും തമ്മിലടിച്ചാലേ സിപിഐഎമ്മിന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാവുകയുള്ളൂവെന്ന് അറിയാവുന്നത് കൊണ്ടാണ് മുഖ്യമന്ത്രി ഇരുകൂട്ടരും തമ്മിലുള്ള സമന്വയത്തെയും സംവാദത്തെയും എതിര്‍ക്കുന്നത്. ആര്‍എസ്എസ്സുമായി മുസ്ലിം സംഘടനകള്‍ ചര്‍ച്ച ചെയ്യരുതെന്ന പിണറായി വിജയന്റെ നിലപാട് ജനാധിപത്യവിരുദ്ധമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അട്ടിപേറവകാശം ആരും പിണറായി വിജയനെ ഏല്‍പ്പിച്ചിട്ടില്ല. മുസ്ലിം സംരക്ഷകര്‍ ചമഞ്ഞ് ആ സമുദായത്തെ അപകടത്തിലാക്കാനാണ് സിപിഐഎം എന്നും ശ്രമിച്ചിട്ടുള്ളത്. മുസ്ലിം സമുദായത്തിന് സിപിഎമ്മിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയാന്‍ സാധിക്കും. രാജ്യത്ത് ഇല്ലാത്ത പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് മതസ്പര്‍ധയുണ്ടാക്കി കലക്ക് വെള്ളത്തില്‍ മീന്‍പിടിക്കുകയാണ് യെച്ചൂരിയും പിണറായിയും മറ്റ് ഇടത് നേതാക്കളും ചെയ്തുവരുന്നത്. സിഎഎ സമരക്കാലത്തെല്ലാം വലിയ തോതിലുള്ള വിദ്വേഷ പ്രചരണങ്ങളാണ് സിപിഎമ്മിന്റെയും പിണറായിയുടേയും നേതൃത്വത്തില്‍ കേരളത്തില്‍ നടന്നത്. പോപ്പുലര്‍ഫ്രണ്ടിന്റെ ഒഴിവ് നികത്താനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. രാജ്യം ഐക്യത്തോടെയും ശാന്തിയോടെയും മുന്നോട്ട് പോകുന്നത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇഷ്ടമല്ലായിരുന്നു’- അദ്ദേഹം വ്യക്തമാക്കി.