സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക; 16,982 കോടി രൂപ ഇന്ന് തന്നെ സംസ്ഥാനങ്ങൾക്ക് കൈമാറുകയാണെന്ന് ധനമന്ത്രി

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക പൂർണ്ണമായും തീർത്ത് നൽകുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ. ഇന്ന് തന്നെ ജിഎസ്ടി നഷ്ടപരിഹാര കുടിശിക പൂർണമായും നൽകുമെന്നാണ് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കിയത്. കുടിശ്ശികയായുള്ള 16,982 കോടി രൂപ ഇന്ന് തന്നെ സംസ്ഥാനങ്ങൾക്ക് കൈമാറുകയാണെന്ന് ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അറിയിക്കുകയായിരുന്നു.

നഷ്ടപരിഹാര ഫണ്ടിൽ ഈ തുക ഇപ്പോൾ ലഭ്യമല്ലാത്തതിനാൽ കേന്ദ്ര സർക്കാർ സ്വന്തം പോക്കറ്റിൽ നിന്നാണ് തുക അനുവദിക്കുന്നതെന്നും ഭാവിയിൽ നഷ്ടപരിഹാര സെസ് പിരിക്കുമ്പോൾ അതിൽ നിന്ന് തുക തിരിച്ചുപിടിക്കുമെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.

അതേസമയം, പെൻസിൽ ഷാർപ്പനറുകൾ, ചില ട്രാക്കിംഗ് ഉപകരണങ്ങൾ എന്നിവയുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാനും ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു. 18 ശതമാനത്തിൽ നിന്ന് 12 ശതമാനമായാണ് പെൻസിൽ ഷാർപ്‌നെറിന്റെ ജിഎസ്ടി കുറച്ചത്. ശർക്കര പാനിയുടെ ജി.എസ്.ടി ഒഴിവാക്കുകയും ചെയ്തുവെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു.