തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 13 മുതല്‍ 30 വരെ നടക്കും. ഒന്നുമുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകളുടെ പരീക്ഷാ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രാവിലെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടക്കുന്നതിനാല്‍ ഉച്ചയ്ക്ക് രണ്ടു മുതലായിരിക്കും പരീക്ഷ. വെള്ളിയാഴ്ചകളില്‍ രണ്ടേകാല്‍ മുതലായിരിക്കും പരീക്ഷ. സ്കൂളുകള്‍ 31ന് മധ്യവേനലവധിക്കായി അടക്കും.
അതേസമയം, മാര്‍ച്ചില്‍ പൊതുപരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ഫെബ്രുവരി 19 മുതല്‍ 25 വരെ SSLC, പ്ലസ്ടു റിവിഷന്‍ ക്ലാസുകള്‍ ആരംഭിക്കും. പത്താം ക്ലാസിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാല് ക്ലാസുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ ഏപ്രിലില്‍ നടത്താനും ധാരണയായി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണനിലവാര മേല്‍നോട്ട സമിതി (ക്യുഐപി) യോഗത്തിലാണ് ധാരണയായത്.

