ബിബിസി ഓഫീസുകളിലെ പരിശോധന; നിർണായക വിവരങ്ങൾ പുറത്തുവിട്ട് ആദായ നികുതി വകുപ്പ്

ന്യൂഡൽഹി: ബിബിസി ഓഫീസുകളിലെ പരിശോധനയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ആദായനികുതി വകുപ്പ്. വിദേശ സ്ഥാപനങ്ങളുമായുള്ള ചില പണമിടപാടുകൾക്ക് ബിബിസി നികുതി അടച്ചില്ലെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്. ഡൽഹി, മുംബൈ, എന്നിവിടങ്ങളിലെ ബിബിസി ഓഫീസുകളിൽ നടത്തിയ പരിശോധനയിലാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. വാർത്താക്കുറിപ്പിലൂടെയാണ് ആദാ നികുതി വകുപ്പ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

രേഖകളും കരാറുകളും ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ ബി.ബി.സി ഉദ്യോഗസ്ഥർ മനഃപൂർവം വൈകിപ്പിച്ചു. സ്ഥാപനം കാണിക്കുന്ന ലാഭവും രാജ്യത്തെ പ്രവർത്തനങ്ങളുടെ സ്‌കെയിലും ആനുപാതികമല്ല. ജീവനക്കാരുടെ മൊഴിയും നിർണായക രേഖകളും കണ്ടെത്തിയതായും ആദായനികുതി വകുപ്പ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ചില രേഖകൾ ആവശ്യപ്പെട്ടപ്പോൾ കാലതാമസം വരുത്തി. ഇത് പരിശോധന നീളാൻ കാരണമായെന്നും ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടി. 60 മണിക്കൂർ നേരമാണ് ബിബിസി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.