കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ പറഞ്ഞിട്ടാണ് തിരുവനന്തപുരത്ത് ലോക്കര്‍ തുറന്നതെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴി. വേണുഗോപാലിന്റെയും സ്വപ്നാ സുരേഷിന്റെയും പേരിലുള്ള ഈ ലോക്കറില്‍ നിന്നാണ് ലൈഫ്മിഷന് അഴിമതിക്കേസിലെ കോഴത്തുകയായ ഒരുകോടി രൂപ പിന്നീട് കണ്ടെടുത്തത്. ലോക്കറില്‍ വെക്കാന്‍ സ്വപ്ന ആദ്യം കൊണ്ടുവന്ന 30 ലക്ഷത്തെപ്പറ്റി താനും ശിവശങ്കറും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നെന്നും വേണുഗോപാല്‍ മൊഴി നല്കി. കൊച്ചിയിലെ ഇഡി ഓഫീസില്‍ പത്തു മണിക്കൂര്‍ നീണ്ട മൊഴിയെടുക്കലിനിടെയാണ് വേണുഗോപാല്‍ ഇക്കാര്യം ആവര്‍ത്തിച്ചത്.
അതേസമയം, കോഴ ഇടപാടിനെപ്പറ്റി താന്‍ ഒന്നും അറിഞ്ഞിരുന്നില്ലെന്ന് ശിവശങ്കര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് വേണുഗോപാലിന്റെ മൊഴി. ലൈഫ് മിഷന് കരാറിലൂടെ ലഭിച്ച കോഴപ്പണം സ്വപ്നയുടെ കള്ളപ്പണമായി സൂക്ഷിച്ചതിനാണ് ശിവശങ്കറിന്റെ അറസ്റ്റ്. ശിവശങ്കര്‍ പറഞ്ഞതനുസരിച്ച് വേണുഗോപാലാണ് കോഴപ്പണം സൂക്ഷിക്കാന്‍ തന്റെയും വേണുഗോപാലിന്റെയും പേരില്‍ സംയുക്ത ലോക്കര്‍ തുറന്നതെന്നാണ് സ്വപ്നയുടെ മൊഴി. അക്കൗണ്ട് തുടങ്ങിയതിന് ശേഷം വേണുഗോപാല്‍ ശിവശങ്കറുമായി നടത്തിയ വാട്സ്ആപ് ചാറ്റ് ഇഡിക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ പണമിടപാട് സംസാരവുമുണ്ട്. എന്നാല്‍ ശിവശങ്കര്‍ പറയുന്നത് ഒന്നും അറിയില്ലെന്നാണ്.
ലൈഫ് മിഷന് കോഴ ഇടപാട് കേസില്‍ തുടര്‍ച്ചയായ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് ചൊവ്വാഴ്ച ശിവശങ്കറെ അറസ്റ്റ് ചെയ്തത്. എന്നാല്‍, ചോദ്യം ചെയ്യലിനോട് ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്ന് ഇഡി വ്യക്തമാക്കിയിരുന്നു.

