കെഎസ്ആർടിസിയിൽ ജീവനക്കാർക്കുള്ള ശമ്പളം ഗഡുക്കളായി നൽകും; ഒന്നിച്ചു വേണ്ടവർ സർക്കാർ സഹായം ലഭിക്കുന്നതുവരെ കാത്തിരിക്കണം

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജീവനക്കാർക്കുള്ള ശമ്പളം ഗഡുക്കളായി നൽകുമെന്ന് സിഎംഡി ബിജു പ്രഭാകർ. ആദ്യ ഗഡു അഞ്ചാം തിയതിക്ക് നൽകുമെന്നും ബാക്കി തുക സർക്കാർ ഫണ്ട് കിട്ടുന്നതിന് അനുസരിച്ച്‌ കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഴുവൻ ശമ്പളവും ഒന്നിച്ചു വേണ്ടവർ സർക്കാർ സഹായം ലഭിക്കുന്നതുവരെ കാത്തിരിക്കണം. ഗഡുക്കളായി ശമ്പളം വേണ്ടാ എന്നുള്ളവർ ഫെബ്രുവരി 25 ന് മുമ്പ് രേഖാമൂലം അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ശമ്പളം നൽകാൻ കഴിയില്ലെങ്കിൽ സ്ഥാപനം പൂട്ടിക്കോളൂവെന്ന് നേരത്തെ കെഎസ്ആർടിസിയോട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സ്ഥാപനം പൂട്ടിയാൽ 26 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്ന് മാനേജ്‌മെന്റ് കോടതിയിൽ പറഞ്ഞപ്പോൾ യാത്രക്കാർ മറ്റു വഴി തേടിക്കൊള്ളുമെന്നായിരുന്നു കോടതി മറുപടി നൽകിയത്.