കെ.ടി.യു നിയമനം; പുതിയ വി.സിയെ നിര്‍ദ്ദേശിക്കേണ്ടത് സര്‍ക്കാരാണെന്ന് ഹൈക്കോടതി

കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാലയിലെ (കെ.ടി.യു) പുതിയ വി.സിയെ നിര്‍ദ്ദേശിക്കേണ്ടത് സര്‍ക്കാരാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. സ്ഥിരം വിസിയെ നിയമിക്കുന്നതിന് സെര്‍ച്ച് കമ്മിറ്റി രൂപവല്‍ക്കരിക്കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

സിസ തോമസിന്റെ നിയമനം റദ്ദാക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. സിംഗിള്‍ ബെഞ്ച് ഈ ആവശ്യം തള്ളിയതോടെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. എന്നാല്‍, പ്രത്യേക സാഹചര്യത്തില്‍ താത്കാലികമായി നിയമിക്കപ്പെട്ടതിനാല്‍ സിസ തോമസിന്റെ നിയമനം റദ്ദാക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം, കെടിയു ആക്ട് പ്രകാരം ഇടക്കാല വി.സി നിയമനത്തിനുള്ള പേരുകള്‍ നല്‍കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍, സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ക്ക് പുറത്തുനിന്നാണ് സിസ തോമസിന്റെ നിയമനം നടന്നിരിക്കുന്നത്. പുതിയ ഇടക്കാല വിസി നിയമനത്തിനുള്ള പട്ടിക സര്‍ക്കാരിന് കൈമാറാം. യുജിസി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവരുടെ പട്ടികയാകണം ചാന്‍സലര്‍ക്ക് കൈമാറേണ്ടത്. പട്ടിക ലഭിച്ചശേഷം ഉചിതമായ തീരുമാനം ചാന്‍സലര്‍ക്ക് കൈക്കൊള്ളാം എന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.