തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയില്‍ ശമ്പളത്തിന് ടാര്‍ജറ്റ് നിശ്ചയിച്ച മാനേജ്‌മെന്റ് നിര്‍ദ്ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐടിയുസി രംഗത്ത്.
‘നിയമ വിരുദ്ധവും അശാസ്ത്രീയവുമാണിത്. രാജ്യത്ത് നിലവിലുള്ള ഒരു നിയമവും ഇതിന് അനുവാദം നല്‍കുന്നില്ല. നടപ്പാക്കാന്‍ പറ്റാത്തതെങ്കിലും,ഒരു ഇടതു സര്‍ക്കാരിന്റെ കാലത്ത് തന്നെ ഇങ്ങനെ ഒക്കെ ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുന്നത് അപകട സൂചനയാണ്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിയമ ഭേദഗതികള്‍ക്കെതിരെ ബദലുയര്‍ത്തേണ്ട മുന്നണി ഭരണത്തില്‍ നിന്നാണ് അപരിഷ്‌കൃതവും വികലവുമായ ഇത്തരം ശബ്ദമുയര്‍ന്ന് വരുന്നത്. കെഎസ്ആര്‍ടിസിയിലെ തൊഴിലന്തരീക്ഷം തകര്‍ക്കാന്‍ മാനേജ്‌മെന്റും മന്ത്രിയും കുറെ നാളായി ഗൂഡാലോചന നടത്തിവരുകയാണ്. മാനസികമായി തൊഴിലാളിയെ എങ്ങനെ തകര്‍ത്ത്, തൊഴില്‍ മടുപ്പിച്ച് മതിയാക്കിക്കാമെന്നതാണ് മാനേജ്‌മെന്റ് ലക്ഷ്യം.സിംഗിള്‍ ഡ്യൂട്ടിക്കു പിന്നില്‍ മാനേജ്‌മെന്റിന്റെ ഈഗോയാണ്.പാറശ്ശാലയില്‍ നടപ്പിലാക്കി പൂര്‍ണ്ണ പരാജയമായി മാറി. അതിന്റെ നഷ്ടം ചൂണ്ടിക്കാണിക്കുമ്പോള്‍ പൊതു ഗതാഗതം ജന സേവനമെന്ന് മാനേജ്‌മെന്റ് മറുപടി പറയുന്നു.ലാഭമില്ലെങ്കില്‍ ശമ്പളമില്ലെന്ന് മറുവശത്ത് പറയുകയും ചെയ്യുന്നു.മാനേജ്‌മെന്റിന്റെ ഇത്തരം വികല നയങ്ങള്‍ ഏറ്റുപിടിക്കുന്നതിലൂടെ മോദിയുടെ നയമാണ് ആന്റണി രാജുവിനെന്ന് മനസ്സിലാക്കുന്നു.ഈ അന്തരീക്ഷത്തില്‍ തൊഴിലാളികളെയും സംഘടനകളെയും പ്രകോപിതരാക്കി പണിമുടക്കാനും സമരം ചെയ്യാനും പ്രേരിപ്പിക്കാനുള്ള അടവാണ് പിന്നിലുള്ളത്’- എഐടിയുസിക്ക് കീഴിലുള്ള ട്രാന്‍. എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എം.ജി രാഹുല്‍ പറഞ്ഞു.
അതേസമയം, കെഎസ്ആര്‍ടിസി ടാര്‍ഗറ്റ് അടിസ്ഥാനത്തില്‍ ശമ്പളമെന്നത് മാനേജ്മെന്റ് നിര്‍ദ്ദേശമാണെന്ന് മന്ത്രി ആന്റണി രാജു ആവര്‍ത്തിച്ചു. ‘സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുത്തിട്ടില്ല. മാനേജ്‌മെന്റിന് തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. സ്വയം പര്യാപ്തതയിലെത്തിക്കാന്‍ വേണ്ടി മാനേജ്‌മെന്റ് എടുത്ത തീരുമാനമാണത്. സര്‍ക്കാര്‍ സഹായം തുടരും.സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമുണ്ടായാല്‍ ഇടപെടും’- മന്ത്രി വ്യക്തമാക്കി.

