ഇന്ത്യ ഹിന്ദു രാഷ്ട്രം: ഹിന്ദു എന്നത് ഒരു സാംസ്‌കാരിക പദമാണെന്ന് യോഗി ആദിത്യനാഥ്

ന്യൂഡൽഹി: ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദുത്വം ഇന്ത്യയിലെ ഓരോ പൗരന്റെയും സാംസ്‌കാരിക പൗരത്വമാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഹിന്ദു എന്നത് ഒരു വിശ്വാസമോ മതമോ വിഭാഗമോ അല്ല. ഹിന്ദു എന്നത് ഒരു സാംസ്‌കാരിക പദമാണെന്ന് അദ്ദേഹം പറഞ്ഞു.

വരുംകാലത്ത് അഖണ്ഡഭാരതം യാഥാർഥ്യമാകും. ഇന്ത്യയിൽ നിന്ന് ഹജ്ജിന് പോകുന്നവരെ അവിടെ ഹിന്ദുവായാണ് കാണുന്നത്. അവരെ അവിടെ ആരും ഹാജിയായി പരിഗണിക്കുന്നില്ല. അവരെ ഇസ്ലാമായി സ്വീകരിക്കുന്നില്ല. അവിടെ ഹിന്ദുവിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഇങ്ങനെ നോക്കുമ്പോൾ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. കാരണം, ഇന്ത്യയിലെ എല്ലാ പൗരന്മാരും ഹിന്ദുവാണ്. ഹിന്ദു എന്നതിനെ മതമായോ വിശ്വാസവുമായോ ബന്ധപ്പെടുത്തി പറയുമ്പോൾ, ഹിന്ദുവിനെ മനസിലാക്കുന്നതിൽ നമ്മൾ തെറ്റ് വരുത്തുകയാണെന്ന് യോഗി വ്യക്തമാക്കി.

ഇന്ത്യയുമായി കൂടിച്ചേരുകയെന്നത് പാകിസ്തന്റെ താൽപര്യമായിരിക്കും. ആത്മീയലോകത്ത് പാകിസ്താൻ എന്ന ഒന്നില്ല. അങ്ങനെ ഇല്ലാത്ത ഒന്ന് ഇത്രയും കാലം നിലനിൽക്കുകയെന്നത് തന്നെ അവരുടെ ഭാഗ്യം. എത്രയും വേഗം ഇന്ത്യയിൽ ലയിക്കുകയെന്നത് അവരുടെ താത്പര്യമായിരിക്കുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.