തിരുവനന്തപുരത്ത് പത്തിലധികം ടൂറിസ്റ്റ് കേന്ദ്രങ്ങളെ കോർത്തിണക്കിക്കൊണ്ട് ടൂറിസം ഇടനാഴി; പദ്ധതിയുമായി അധികൃതർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്തിലധികം ടൂറിസ്റ്റ് കേന്ദ്രങ്ങളെ കോർത്തിണക്കിക്കൊണ്ട് ടൂറിസം ഇടനാഴി വരുന്നു. സംസ്ഥാന ബജറ്റിൽ 50 കോടി രൂപയാണ് ഇതിനായി പ്രഖ്യാപിച്ചിട്ടുള്ളത്. നെടുമങ്ങാട് താലൂക്കിലെ പത്തിലധികം ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ടൂറിസം ഇടനാഴിയിൽ ഉൾപ്പെട്ടിട്ടുള്ളത്.

നെയ്യാർ മുതൽ പൊന്മുടി വരെ ഈ ടൂറിസം ഇടനാഴിയിൽ ഉൾപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസമെങ്കിലും നീണ്ടുനിൽക്കുന്ന ഉല്ലാസയാത്രയ്ക്ക് പ്രാധാന്യം നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്. നെയ്യാർ ഡാമിൽ നിന്നും ആരംഭിക്കുന്ന ടൂറിസം ഇടനാഴിയിൽ കാപ്പുകാട്ടെ ആനപരിപാലനകേന്ദ്രത്തിന്റെയും മീൻമുട്ടി വെള്ളച്ചാട്ടത്തിന്റെയും കാഴ്ചകളും ട്രൈബൽ ടൂറിസവും കുട്ടവഞ്ചിയാത്രകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പേപ്പാറ ഡാമും വൈദ്യുതോത്പാദനകേന്ദ്രവും ആനത്താരയിലൂടെയുള്ള ട്രക്കിങ്ങുമാണ് രണ്ടാം ദിവസത്തെ യാത്രയുടെ ആകർഷണങ്ങൾ. ഇവിടെനിന്ന് ബോണക്കാട്, വാഴ്വാന്തോൾ, സൂര്യൻതോൽ വെള്ളച്ചാട്ടങ്ങളുടെ കാഴ്ച്ചകൾ ആസ്വദിച്ച ശേഷം പൊന്മുടിയിലേക്ക് പോകാം.

വലുതും ചെറുതുമായ പത്തിലധികം വിനോദസഞ്ചാരകേന്ദ്രങ്ങൾ വികസിപ്പിക്കാനും അതിലൂടെ കൂടുതൽ പേർക്ക് തൊഴിലവസരമൊരുക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ട്രൈബൽ ടൂറിസം, ഇക്കോ ടൂറിസം തുടങ്ങിയ മേഖലകളും പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും. പരമ്പരാഗത ഔഷധങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കരകൗശല ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശന വിൽപ്പനകേന്ദ്രങ്ങൾ, പരമ്പരാഗത തനത്കലകളുടെ ആവിഷ്‌കാരസാധ്യതകൾ, പാതകളുടെ വികസനം, തൊഴിലവസരങ്ങൾ, കൂടുതൽ കച്ചവടസാധ്യതകൾ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും.