കൊച്ചി: എ ഐ സി സിയുടെ ബൂത്ത് തല ഭവന സന്ദര്‍ശന പരിപാടിയായ ഹാത്ത് സെ ഹാത്ത് ജോഡോ അഭയാന്‍ പ്രചാരണത്തിന് തുടക്കമായി. ഇന്ന് രാവിലെ ഏഴ് മണിക്ക് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം വടുതലയില്‍ വെച്ച് നിര്‍വഹിച്ചത്.
ബൂത്തുതല ഭവന സന്ദര്‍ശനങ്ങള്‍ ഫെബ്രുവരി 24 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ ജനവിരുദ്ധ നയങ്ങളെ പറ്റി ബോധവല്‍ക്കരണം നടത്താനുള്ള ലഘുലേഖകളുമായാണ് സന്ദര്‍ശനം നടത്തുക. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ജനവികാരം ഉണര്‍ത്താനും ഭാരത് ജോഡോ യാത്ര പകര്‍ന്ന ആവേശം കെടാതെ സൂക്ഷിക്കാനുമാണ് ഭവന സന്ദര്‍ശനം. എം.പിമാര്‍, എം.എല്‍.എമാര്‍, കെ.പി.സി.സി, ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ ഭവന സന്ദര്‍ശന പരിപാടിയില്‍ പങ്കെടുക്കും. ബ്ലോക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 21 വരെ രണ്ടാം ഘട്ട പദയാത്രയും സംഘടിപ്പിക്കും.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ വടുതല പാലത്തിന് സമീപത്തുള്ള അഗസ്റ്റിന്‍ നെടിയതറ റോഡില്‍ നിന്ന് ആരംഭിച്ച് , ഐ ജെ ജോണ്‍ റോഡ് വഴി ബോട്ട് ജെട്ടി റോഡിലുളള ഭവനങ്ങള്‍ സന്ദര്‍ശിച്ച് പ്രഭാത ഭക്ഷണത്തോടെ ഇന്നത്തെ ഭവന സന്ദര്‍ശനം സമാപിക്കും. കൂടാതെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ 138ാം ജന്മദിനത്തോടനുബന്ധിച്ച് കെപിസിസി സംഘടിപ്പിക്കുന്ന 138 രൂപ ചാലഞ്ച് വിജയിപ്പിക്കാനും ഭവന സന്ദര്‍ശനം ലക്ഷ്യമിടുന്നു. 138 രൂപ ചലഞ്ചിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് എറണാകുളം ഡി.സി.സി ഓഫീസില്‍ നടക്കും.

