കോഴിക്കോട്: കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ ഹാജരായി ‘കാന്താര’യുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി. പകർപ്പാവകാശം ലംഘിച്ചാണ് സിനിമയിൽ ‘വരാഹരൂപം’ എന്ന പാട്ട് ഉപയോഗിച്ചതെന്ന കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പോലീസ് സ്‌റ്റേഷനിൽ ഹാജരായത്. കാന്താര സിനിമയുടെ നിർമാതാവ് വിജയ് കിർഗന്ദൂർ, സംവിധായകൻ ഋഷഭ് ഷെട്ടി എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാവാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഋഷഭ് ഷെട്ടി രാവിലെ ടൗൺ സ്റ്റേഷനിലെത്തിയത്. തൈക്കൂടം ബ്രിജ് ചിട്ടപ്പെടുത്തിയ ‘നവരസം’ ഗാനത്തിന്റെ പകർപ്പാണ് ‘വരാഹരൂപം’ എന്നാണ് പരാതി. കോഴിക്കോട് ടൗൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിച്ചത്.

