സംസ്ഥാനത്ത് 1690 വൈദ്യുതബസുകള്‍ ഉടന്‍ നിരത്തിലിറങ്ങും. കേന്ദ്രസര്‍ക്കാരിന്റെ രണ്ടുപദ്ധതികളിലൂടെ ആയിരം ബസുകളും കിഫ്ബിയുടെ ഭാഗമായി 690 എണ്ണവും ലഭിക്കും. 750 ബസുകള്‍ ഡ്രൈവറടക്കം പാട്ടവ്യവസ്ഥയിലാണ് കേന്ദ്രം നല്‍കുന്നത്. നഗരകാര്യ വകുപ്പിന്റെ ഓഗ്മെന്റേഷന്‍ ഓഫ് സിറ്റി സര്‍വീസ് പദ്ധതിയിലെ 250 ബസുകള്‍ സൗജന്യമാണ്. ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള 750 ബസിന് കിലോമീറ്ററിന് 43 രൂപയാണ് വാടകയിനത്തില്‍ നല്‍കേണ്ടത്.
അതേസമയം, ശരാശരി ഒരുകോടി രൂപ വരുന്നതാണ് ഇത്തരം ബസുകള്‍. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്ററിലേറെ ഓടും. നഗരസര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന ബസുകള്‍ ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കും. ബസുകള്‍ക്ക് സബ്‌സിഡി വേണമെന്ന് ഗതാഗതവകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.
360 കോടിരൂപയുടെ വായ്പയാണ് കെ.എസ്.ആര്‍.ടി.സി ‘സ്വിഫ്റ്റി’നായി കിഫ്ബിയില്‍ നിന്ന് പ്രതീക്ഷിച്ചത്. തുടര്‍ന്ന് 600 ഡീസല്‍ ബസുകളും 179 വൈദ്യുത ബസുകളും വാങ്ങാനുള്ള ടെന്‍ഡര്‍ നടപടി കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കി. എന്നാല്‍, വായ്പത്തുക കിട്ടാത്തതോടെ പുതിയ ടെന്‍ഡര്‍ വിളിക്കേണ്ടിവന്നു.

