തിരുവനന്തപുരം: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. രാജ്യത്ത് വെറുപ്പിനും ധ്രുവീകരണത്തിനും ശ്രമിക്കുന്ന മോദി സർക്കാറിനെ തൂത്തെറിയണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ഇതിനായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്ര സംഘാടനത്തിൽ മുഖ്യപങ്ക് വഹിച്ച എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി. വേണുഗോപാലിനെയും കേരളത്തിൽനിന്ന് പങ്കെടുത്ത 19 പേരെയും അനുമോദിക്കാൻ കെപിസിസി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ബിജെപിയെ തൂത്തെറിയാനായി യോജിക്കാവുന്ന എല്ലാവരുമായും സഹകരിക്കണം. മുൻകാലങ്ങളിൽ പാർട്ടിക്ക് നഷ്ടപ്പെട്ട ജനവിഭാഗങ്ങളെ ഒപ്പം നിർത്താൻ കഴിയണം. കോൺഗ്രസ് നേതാക്കളുടെ പ്രസംഗം പാർലമെന്റ് രേഖകളിൽ നിന്ന് ഒഴിവാക്കാൻ കഴിയുമെങ്കിലും ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധി സൃഷ്ടിച്ച റെക്കോഡ് തിരുത്താൻ ആർക്കും കഴിയില്ല. രാഹുൽ ഗാന്ധിയെ മുൻപ് ‘പപ്പു’വെന്ന് വിളിച്ച് ആക്ഷേപിച്ചവർ ഇനി ‘പപ്പു’മാരാകുമെന്നും ആന്റണി ചൂണ്ടിക്കാട്ടി.
അതേസമയം, കോൺഗ്രസിന് പിന്നിൽ ആളില്ലെന്ന് പറഞ്ഞവർക്ക് ഭാരത് ജോഡോ യാത്ര കഴിഞ്ഞതോടെ അത് തിരുത്തേണ്ടിവന്നെന്ന് കെ സി. വേണുഗോപാൽ വ്യക്തമാക്കി. ബി.ബി.സി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവർ രാജ്യത്ത് ഹിന്ദു-മുസ്ലിം കലാപത്തിന് ശ്രമിക്കുന്ന മാധ്യമങ്ങളെ കാണുന്നില്ലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

