ലക്നൗ: ഉത്തർപ്രദേശിൽ നടക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിയിൽ പങ്കെടുത്ത് ലുലു ഗ്രൂപ്പ്. സംസ്ഥാനത്ത് 25,000 പേർക്ക് പുതിയ തൊഴിൽ അവസരം നൽകുമെന്ന് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചു. വാരാണസി, പ്രയാഗ് രാജ്, അയോധ്യ, നോയിഡ തുടങ്ങിയ സ്ഥലങ്ങളിലാണ് ലുലു ഗ്രൂപ്പ് പുതിയ പദ്ധതികൾ ആരംഭിക്കുന്നത്.
2500 കോടി രൂപയാണ് നോയിഡയിൽ ലുലു നിക്ഷേപിക്കാൻ ഒരുങ്ങുന്നത്. നോയിഡയിൽ ലുലു മാളും ഹോട്ടലും നിർമ്മിക്കും. ഇതിലൂടെ 6000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. നോയിഡ സെക്ടർ 108ൽ 20 ഏക്കർ സ്ഥലമാണ് നോയിഡ അതോറിട്ടി ലുലു ഗ്രൂപ്പിന് കൈമാറുന്നത്. 3 വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ.യൂസഫലിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
അതേസമയം, ഉത്തർപ്രദേശിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 500 കോടി രൂപയാണ് ഇതിനായി നിക്ഷേപിച്ചിട്ടുള്ളത്. 20 ഏക്കറാണ് ഇതിന്റെ വിസ്തീർണ്ണം. 1700 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുന്നതിനൊപ്പം ഇവിടെ കർഷകരുടെ ഉത്പന്നങ്ങൾ മികച്ച വിലയിൽ നേരിട്ട് വിൽക്കാനും കഴിയും. അതേസമയം, മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ആഗോള നിക്ഷേപ സംഗമത്തിൽ യുഎഇ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തി. യുഎഇയും ഉത്തർ പ്രദേശും തമ്മിലുള്ള വാണിജ്യ വ്യവസായ രംഗത്തെ നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടിക്കാഴ്ച്ചയിൽ ചർച്ചാ വിഷയമായത്.

