ചണ്ഡിഗഢ്: സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർക്കും മെഡിക്കൽ ജീവനക്കാർക്കും ഡ്രസ് കോഡിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ഹരിയാന. ജീൻസ്, ടി ഷർട്ട്, മേക്കപ്പ്, അസ്വാഭാവിക ഹെയർ സ്റ്റൈൽ തുടങ്ങിയവയൊന്നും പാടില്ലെന്നാണ് പുതിയ നിർദ്ദേശം. പ്രൊഫഷണലിസം കൊണ്ടുവരാനാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിക്കുന്നതെന്നാണ് ഹരിയാന സർക്കാർ വ്യക്തമാക്കുന്നത്.
സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും ആഴ്ചയിൽ ഏഴ് ദിവസവും രാത്രി ഡ്യൂട്ടി സമയത്തും നിർദ്ദേശം ബാധകമാണെന്നാണ് സർക്കാർ അറിയിക്കുന്നത്. ഔദ്യോഗിക വസ്ത്രമോ സ്കർട്ടോ ഉൾപ്പെടെ ഏതിലും ഒരു നിറത്തിലും ഉള്ള ജീൻസ് വസ്ത്രങ്ങളും അനുവദിക്കില്ലെന്നാണ് ഉത്തരവ്. ജീൻസിന് പുറമെ പാവാട, പലാസോ, ടി ഷർട്ട്, സ്ട്രെച്ച് ടി ഷർട്ട്, സ്ട്രെച്ച് പാന്റ്സ്, ഫിറ്റിംഗ് പാന്റ്സ്, ലെതർ പാന്റ്സ്, കാപ്രി, ഹിപ് ഹഗ്ഗർ, സ്വീറ്റ് പാറ്റ്സ്, സ്ട്രാപ്പ്ലെസ്, ബാക്ക്ലെസ് ടോപ്പ്, ക്രോപ്പ് ടോപ്പ്, ഓഫ് ഷോൾഡർ ബ്ലൗസ് തുടങ്ങിയവയും ധരിക്കാൻ പാടില്ല. മേക്കപ്പ് ചെയ്യുന്നതിനും നഖം നീട്ടി വളർത്തുന്നതിം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ചെരിപ്പ്, ഷൂസ് തുടങ്ങിയ മറ്റ് ഡിസൈനുകളൊന്നുമില്ലാത്ത പ്ലെയിൻ ആയിരിക്കണം. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാരും പരിശീലന വിദ്യാർത്ഥികളും ഈ നിർദ്ദേശം പാലിക്കണമെന്നാണ് ഹരിയാന സർക്കാർ അറിയിച്ചത്.

