കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനെ പരിഹസിച്ചാണ് കെ സുധാകരന്റെ പ്രസ്താവനയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാന ബജറ്റിൽ നിർദേശിച്ച അധികനികുതി നിർദേശം ബഹിഷ്കരിക്കണമെന്നതിൽ ആശയക്കുഴപ്പമില്ലെന്ന് അദ്ദേഹം പറഞ്ഞു. താനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞത് ഒരേകാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നികുതി ലംഘിച്ച് ഒരുപാടു സമരം ചെയ്ത നാടാണിതെന്നും ജനങ്ങൾ അതൊരു മാർഗമായി സ്വീകരിച്ചാൽ ജനാധിപത്യ സംവിധാനത്തിൽ ആ സമരരീതി നിഷേധിക്കാനാകില്ലെന്നുമാണ് സുധാകരൻ പറഞ്ഞത്. എന്നാൽ, അദ്ദേഹം മുഖ്യമന്ത്രിയെ കളിയാക്കിപ്പറഞ്ഞതാണെന്നും നികുതി അടയ്ക്കാതിരിക്കുക പ്രായോഗികമല്ലെന്നുമായിരുന്നു സതീശൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, നികുതി കൊടുക്കരുതെന്നു താൻ ആഹ്വാനം ചെയ്തത്, ഉമ്മൻചാണ്ടി സർക്കാരിനെതിരെ അന്നത്തെ സിപിഎം സെക്രട്ടറി പിണറായി വിജയൻ നടത്തിയ ആഹ്വാനം അദ്ദേഹത്തെ ഓർമിപ്പിക്കാനാണെന്നായിരുന്നു സുധാകരൻ അറിയിച്ചത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും തനിക്കുമിടയിൽ യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. അധിക നികുതിക്കെതിരെയുള്ള സമരത്തിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനും രണ്ടുതട്ടിലാണെന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

