ലൈസൻസ് ഇല്ലാതെ ഓൺലൈനിലൂടെ മരുന്നുകൾ വിൽക്കുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും; കേന്ദ്രം

ന്യൂഡൽഹി: ലൈസൻസ് ഇല്ലാതെ ഓൺലൈനിലൂടെ മരുന്നുകൾ വിൽക്കുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് ആമസോൺ, ഫ്‌ളിപ്പ്കാർട്ട്, അപ്പോളോ ഉൾപ്പെടെ നിരവധി കമ്പനികൾക്ക് കേന്ദ്ര സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 20ലധികം കമ്പനികൾക്ക് കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

നടപടി സ്വീകരിക്കാതിരിക്കാൻ വ്യക്തമായ കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. രണ്ടുദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്നാണ് നിർദ്ദേശം. ഓൺലൈനിലൂടെയുള്ള മരുന്ന് വിൽപ്പനയ്ക്ക് എതിരെ നടപടിയെടുക്കാതിരിക്കാൻ വ്യക്തമായ കാരണം ബോധിപ്പിക്കണം. മറുപടി ലഭിച്ചില്ലായെങ്കിൽ മറ്റൊരു അറിയിപ്പ് ഇല്ലാതെ തന്നെ കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് സർക്കാർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

ഓൺലൈൻ മരുന്നുവിൽപ്പനയുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് അധികൃതർ ഇതുസംബന്ധിച്ച നടപടികളുമായി മുന്നോട്ടു പോകുന്നത്. ഓൺലൈൻ മരുന്ന വിൽപ്പന നിലവിലെ ഡ്രഗ്‌സ് നിയമത്തിന് എതിരാണെന്നാണ് പരാതിയിൽ പറയുന്നത്. ചില മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയോട് കൂടി മാത്രം മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വിൽപ്പന നടത്തേണ്ടവയാണ്. ഇത്തരം മരുന്നുകൾ നൽകുമ്പോൾ ഫാർമസിസ്റ്റിന്റെ മേൽനോട്ടവും അനിവാര്യമാണ്. ഇതെല്ലാം ലംഘിച്ചാണ് ഓൺലൈൻ വഴി മരുന്നുവിൽപ്പന നടക്കുന്നതെന്നാണ് ആരോപണം.

അതേസമയം, മരുന്നുകളുടെ ഓൺലൈൻ വിൽപ്പന നിരോധിച്ച് കൊണ്ടുള്ള ഡൽഹി ഹൈക്കോടതി ഉത്തരവ് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ഡ്രഗ്‌സ് കൺട്രോളർമാർക്ക് കൈമാറിയിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ ഓൺലൈൻ വഴി മരുന്ന് വിൽപ്പന നടത്തുന്നത് നിയമലംഘനമാണ്. ഇത് മരുന്നുകളുടെ ഗുണമേന്മയെ ബാധിക്കുമെന്നും സ്വയം ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നത് കാരണം പൊതുജനാരോഗ്യത്തെയും കാര്യമായി ബാധിക്കുമെന്നും സർക്കാർ സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്.