തിരുവനന്തപുരം: ഇന്ധന സെസ് ഏർപ്പെടുത്തിയതിൽ ന്യായീകരണവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തെ ധനസ്ഥിതിയിൽ അപകടകരമായ സാഹചര്യമുള്ളതുകൊണ്ടാണ് ഇന്ധന സെസ് ഏർപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ വകുപ്പുകൾ നികുതിയിനത്തിലും മറ്റും പിരിച്ചെടുക്കാനുള്ള തുക സർക്കാരിലേക്കെത്താൻ നിയമഭേദഗതി ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു. ധനവകുപ്പിനെ കുറ്റപ്പെടുത്തിയുള്ള സിഎജി റിപ്പോർട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ച് തുടർനടപടി സ്വീകരിക്കും. അൻപതു വർഷത്തെ കുടിശികയുടെ കാര്യം സിഎജി പറയുന്നുണ്ട്. സംസ്ഥാനത്തിന്റെ തനതുനികുതി വരുമാനത്തിൽ 26000 കോടി രൂപയുടെ വരുമാനമുണ്ടായെന്നും ധനമന്ത്രി വ്യക്തമാക്കി.
അതേസമയം, അധിക നികുതിഭാരം സർക്കാരിന് പിൻവലിക്കേണ്ടി വരുമെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നൽകുന്ന മുന്നറിയിപ്പ്. സർക്കാരിന്റെ പിടിപ്പുകേട് ജനങ്ങൾക്കുമേൽ അടിച്ചേൽപിക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും അഭിപ്രായപ്പെട്ടു.

