ഇന്ധന സെസ് പിൻവലിക്കും വരെ യുഡിഎഫ് സമരം ചെയ്യും; കേന്ദ്രത്തിന്റെ തെറ്റായ നടപടി സംസ്ഥാന സർക്കാർ ആവർത്തിക്കുകയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ഇന്ധന സെസ് പിൻവലിക്കും വരെ യുഡിഎഫ് സമരം ചെയ്യുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. നിയമ സഭയിൽ ശക്തമായ പ്രതിക്ഷേധം ഉയർത്താനാണ് തീരുമാനമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. സംസ്ഥാന സർക്കാരിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രത്തിന്റെ തെറ്റായ നടപടി സംസ്ഥാന സർക്കാർ ആവർത്തിക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്.

ദുരിതക്കെടുതികളിൽ നിന്ന് നടു നിവർത്താൻ പ്രയാസപ്പെടുന്ന സാധാരണ മനുഷ്യരുടെ തലക്കടിച്ചിരുത്തുന്ന ബജറ്റാണ് സർക്കാർ അവതരിപ്പിച്ചതെന്നും ആശ്വസിക്കാനുള്ള ഒന്നുമില്ലെന്ന് മാത്രമല്ല കീശയിൽ കയ്യിട്ട് ഉള്ളത് കൂടി പിടിച്ചു പറിക്കാനുള്ള പദ്ധതികളാണ് ഈ ബജറ്റെന്നും നേരത്തെ കുഞ്ഞാലിക്കുട്ടി വിമർശിച്ചിരുന്നു. പൊതു ജനത്തെ പരിഹസിക്കുയാണ് സർക്കാർ ഇതിലൂടെ ചെയ്തിരിക്കുന്നത്. ഈ ജനവിരുദ്ധ ബജറ്റിനെതിരെ ശക്തമായ പ്രതിപക്ഷ പ്രതിഷേധം ഉയർന്ന് വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പെട്രോൾ, ഡിസൽ എന്നിവയ്ക്ക് ലിറ്ററിന് രണ്ട് രൂപാ നിരക്കിലാണ് ബജറ്റിൽ സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തിയത്. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് സാമൂഹിക സുരക്ഷ സെസും ഏർപ്പെടുത്തി.