തിരുവനന്തപുരം: ഹെൽത്ത് കാർഡ് അനുവദിക്കുന്നത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. സർട്ടിഫിക്കറ്റ് നൽകുന്നതിൽ വീഴ്ചയുണ്ടായെന്ന് സർക്കുലറിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡോക്ടർമാർ നടപടി ക്രമങ്ങൾ പാലിക്കുന്നുവെന്ന് ജില്ലാ മെഡിക്കൽ ഓഫീസർമാർ ഉറപ്പ് വരുത്തണമെന്നും അപേക്ഷകനെ ഡോക്ടർ നേരിട്ട് പരിശോധിക്കണമെന്നും സർക്കുലർ വ്യക്തമാക്കുന്നു.
രക്ത പരിശോധന, ശാരീരിക പരിശോധന, കാഴ്ച ശക്തി പരിശോധന, ത്വക്ക്, നഖങ്ങൾ തുടങ്ങിയ പരിശോധന നടത്തണം. ടൈഫോയ്ഡ്, മഞ്ഞപ്പിത്തം ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന വേണം. ക്ഷയ രോഗ ലക്ഷണമുണ്ടെങ്കിൽ കഫ പരിശോധന വേണം. പരിശോധനാ ഫലങ്ങൾ പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ സർട്ടിഫിക്കറ്റ് നൽകാവൂ. വിരശല്യത്തിനെതിരെയുള്ള വാക്‌സിൻ നൽകണം. ടൈഫോയ്ഡിനെതിരെയുള്ള വാക്‌സിൻ പൂർത്തീകരിക്കണമെന്നും സർക്കുലർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഹെൽത്ത് കാർഡ് വിതരണത്തിൽ വീഴ്ച സംഭവിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തെ സമ്മതിച്ചിരുന്നു. പരിശോധനകൾ നടത്താതെ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ കൂടി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത് ആരോഗ്യമന്ത്രി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരാണിവർ. സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അന്വേഷിച്ച് കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടറർക്ക് നിർദേശം നൽകിയിരുന്നു. ജനറൽ ആശുപത്രിയിലെ ആർ.എം.ഒ.യുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സർജനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിന് പിന്നാലെയാണ് രണ്ട് പേരെക്കൂടി സസ്പെൻഡ് ചെയ്തത്.

