സീസൺ സമയത്തെ വിമാനയാത്രാ നിരക്കിൽ ഇടപെടാനുളള സീസൺ രാജ്യത്താദ്യം: പ്രവാസീ സൗഹൃദ ബജറ്റെന്ന് പി ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: പ്രവാസികൾക്ക് പ്രതീക്ഷാ നിർഭരമായ നിരവധി പദ്ധതികൾ പ്രഖ്യാപിച്ച പ്രവാസീ സൗഹൃദ ബജറ്റാണ് സംസ്ഥാന സർക്കാറിന്റേതെന്ന് നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ. ഏറ്റവും പ്രധാനം ലക്ഷക്കണക്കിന് വരുന്ന സാധാരണ പ്രവാസികൾക്ക് ആശ്വാസമേകുന്ന വിമാനയാത്രാക്കൂലിയിൽ ഇടപെടാനുള്ള തീരുമാനമാണ്. സീസൺ സമയത്ത് എയർലൈൻ ഓപ്പറേററർമാരുമായി ഇടപെട്ട് യാത്രക്കാർക്ക് താങ്ങാവുന്ന നിരക്ക് ഉറപ്പുവരുത്താനായി 15 കോടി രൂപയുടെ കോർപ്പസ് ഫണ്ട് രൂപീകരിക്കാനുള്ള തീരുമാനം ഗൾഫ് യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഏററവും ആശ്വാസം നൽകുന്നതാണ്. ഇത്തരമൊരു പ്രഖ്യാപനം രാജ്യത്ത് തന്നെ ആദ്യമായാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രവാസി പുനരധിവാസത്തിനും, ക്ഷേമത്തിനും നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കി വരുന്ന എല്ലാ പദ്ധതികളും തുടരുന്നതിനോടൊപ്പമാണ് പുതിയ പദ്ധതികൾ കൂടി ഉൾപ്പെടുത്തിയത്തെന്നും ശ്രീരാമകൃഷ്ണൻ ചൂണ്ടിക്കാട്ടി. മടങ്ങിവരുന്ന പ്രവാസി തൊഴിലാളികൾക്ക് പരമാവധി 100 ദിനങ്ങൾ എന്ന നിലയിൽ ഒരു ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യം വച്ചുകൊണ്ടുള്ള Norka Assisted & Mobilised Employment (NAME) പ്രഖ്യാപനവും അതീവ നൂതനമായ പദ്ധതിയാണ്. വിദേശങ്ങളിൽ വിദ്യാഭ്യാസത്തിനായി പോകുന്ന പാവപ്പെട്ട വിദ്യാർത്ഥികൾക്കായി O.E.T/I.E.L.T.S തുടങ്ങിയ പരീക്ഷകളുടെ പരിശീലനത്തിനായി നോർക്കാ ശുഭയാത്ര എന്ന പേരിൽ രണ്ട് കോടി രൂപയും മാറ്റിവച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായും പുതിയ നൈപുണ്യ വികസന പദ്ധതികൾക്കുമായും 84.60 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അതുപോലെ തന്നെ കുറഞ്ഞ വരുമാനക്കാരായ റിട്ടേൺഡ് എമിഗ്രൻറസിന് വേണ്ടിയുള്ള പ്രവാസിഭദ്രത, പ്രവാസി ഭദ്രത-മൈക്രോ,കെ.എസ്.ഐ.ഡി.സി മുഖേനയുള്ള പ്രവാസി ഭദ്രത-മെഗാ, സാന്ത്വന എന്നിവയ്ക്കും, എൻ.ഡി,പി.ആർ.ഇ.എം പദ്ധതിയ്ക്കും ആവശ്യമായ തുകയും നീക്കി വച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എയർപോർട്ട് എമർജൻസി ആംബുലൻസ് സേവനങ്ങൾക്ക് 60 ലക്ഷം രൂപയും ലോക കേരളസഭയുടെ തൂടർ പ്രവർത്തനങ്ങൾക്കായി 2.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. മാവേലിക്കരയിൽ നോർക്കയുടെ കൈവശമുള്ള ഭൂമിയിൽ ലോക മലയാള കേന്ദ്രം/ലോക സാംസ്‌കാരിക കേന്ദ്രം എന്ന പ്രഖ്യാപനവും സ്വാഗതാർഹമാണ്. പ്രവാസലോകത്തെ മുഖ്യമായ പല പ്രശ്‌നങ്ങളേയും ശരിയായ നിലയിൽ അഭിസംബോധന ചെയ്യുന്ന ഈ ബജററ് പ്രവാസികൾക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നൽകുന്നതാണ്. പ്രായോഗികമായി പദ്ധതികളെ കണ്ട ധനകാര്യ വകുപ്പുമന്ത്രി കെ. എൻ. ബാലഗോപാലിനെ നോർക്കയ്ക്ക് വേണ്ടി അഭിനന്ദിക്കുകയാണെന്നും പി. ശ്രീരാമകൃഷ്ണൻ കൂട്ടിച്ചേർത്തു.