മുംബൈ: പ്രഥമ വിമന്‍സ് പ്രീമിയര്‍ ലീഗിന്റെ താരലേലം ഫെബ്രുവരി 11 അല്ലെങ്കില്‍ 13 തീയതികളില്‍ നടക്കുമെന്ന് സൂചന. ഈ ആഴ്ചയോടെ ഇതേ കുറിച്ചുള്ള അന്തിമ തീരുമാനം ബിസിസിഐ ഔദ്യോഗികമായി പുറത്ത് വിടും.
ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളാണ് താരലേലത്തിനുള്ള വേദികളുടെ സാധ്യത പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. നേരത്തെ ഫെബ്രുവരി 6ന് ഡബ്ല്യു പി എല്‍ താരലേലം നടത്താനായിരുന്നു ബിസിസിഐ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ദുബായില്‍ ഇന്റര്‍നാഷണല്‍ ലീഗ് ടി20യുടെയും ദക്ഷിണാഫ്രിക്കയില്‍ എസ്എ ടി20 ടൂര്‍ണമെന്റും പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ലേലത്തിനുള്ള തീയതി ബിസിസിഐ പുനര്‍ നിശ്ചയിച്ചത്.
വിമന്‍സ് പ്രീമിയര്‍ ലീഗില്‍ ഫ്രാഞ്ചൈസികളെ സ്വന്തമാക്കിയ ഭൂരിഭാഗം ഉടമസ്ഥരും ഈ ലീഗുകളിലും ടീമുകളെ പങ്കെടുപ്പിക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് ഈ ടൂര്‍ണമെന്റുകളുടെ ഫൈനലിന് ശേഷം താരലേലം നടത്താമെന്ന തീരുമാനത്തിലേക്ക് ബിസിസിഐ എത്തിയതെന്നാണ് സൂചന. അതേസമയം താരലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കഴിഞ്ഞ മാസം 26ന് അവസാനിച്ചിരുന്നു.

