കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയുമായി സഹകരിക്കാന്‍ ഫിന്‍ലന്‍ഡ്

കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയുമായി സഹകരിക്കാന്‍ ഫിന്‍ലന്‍ഡിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധര്‍ സംസ്ഥാനത്തെത്തി. വിവിധ വിദ്യാഭ്യാസ പദ്ധതികളില്‍ പരസ്പര സഹകരണത്തോടെ നവീന ആശയങ്ങള്‍ നടപ്പിലാക്കുകയാണ് ലക്ഷ്യം.

ലോക വിദ്യാഭ്യാസ സൂചികയില്‍ അക്കാദമിക നിലവാര റാങ്കിംഗില്‍ ഒന്നാമതായി നില്‍ക്കുന്ന ഫിന്‍ലന്‍ഡ് സംഘവുമായി മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവര്‍ കഴിഞ്ഞ ഡിസംബറില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രണ്ടാമത്തെ സംഘം എത്തിയത്.

പൊതുവിദ്യാഭ്യാസ വകുപ്പ് – സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ നടത്തിയ സെമിനാറില്‍ സംഘം പങ്കെടുത്തു. ഫിന്‍ലാന്‍ഡില്‍ അധ്യാപകര്‍ക്ക് നല്‍കുന്ന പരിശീലനങ്ങളെ കുറിച്ച് സംഘം സെമിനാര്‍ അവതരിപ്പിച്ചു. അധ്യാപക പരിശീലനം, ശൈശവകാല വിദ്യാഭ്യാസ മാതൃകകള്‍, അക്കാദമിക നിലവാരം ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലാകും ആദ്യഘട്ട സഹകരണം ഉറപ്പാക്കുക. കുട്ടികളുടെ ദേശീയ വിദ്യാഭ്യാസ അവകാശങ്ങളും ചര്‍ച്ചാ വിഷയമായി. ഇന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടിയെ സംഘം ഇന്ന് സന്ദര്‍ശിക്കും. വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ അറിയുന്നതിന്റെ ഭാഗമായി വകുപ്പിന് കീഴിലുള്ള വിവിധ ഏജന്‍സികളുമായും കൂടിക്കാഴ്ച നടത്തും.