ശമ്പള കുടിശിക ആവശ്യപ്പെട്ടത് ചിന്ത ജെറോം തന്നെ; ധനവകുപ്പിന് നൽകിയ കത്ത് പുറത്ത്

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന് എട്ടര ലക്ഷം രൂപ ശമ്പള കുടിശിക അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത് സംബന്ധിച്ച് പുതിയ വിവരങ്ങൾ പുറത്ത്. ചിന്തയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ശമ്പള കുടിശിക അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്.

കുടിശിക ആവശ്യപ്പെട്ടുകൊണ്ട് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ചിന്ത കത്ത് നൽകിയിരുന്നു. 2022 ഓഗസ്റ്റ് 22ന് ഈ കത്ത് എം ശിവശങ്കർ തുടർ നടപടിക്കായി അയക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടിശിക അനുവദിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ചിന്ത ജെറോം ആവശ്യപ്പെട്ടതനുസരിച്ചാണ് കുടിശിക അനുവദിക്കുന്നതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. 2017 ജനുവരി മുതൽ 2018 മേയ് വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുൻകാല പ്രാബല്യത്തോടെ ചിന്ത ജെറോമിന് ലഭിക്കുന്നത്.

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയും ചെലവ് ചുരുക്കലിന് കർശന നിർദേശങ്ങളും നിലനിൽക്കെയാണ് ചിന്ത കുടിശിക ആവശ്യപ്പെട്ടതും സർക്കാർ ഇത് അനുവദിച്ച് നൽകിയതും. തുടർന്ന് വലിയ ചർച്ചാ വിഷയമായി. ഇതിന് പിന്നാലെ അങ്ങനെയൊരു കത്തുണ്ടെങ്കിൽ അത് പുറത്തുവിടാൻ ചിന്ത മാദ്ധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കത്ത് പുറത്തു വന്നെങ്കിലും ചിന്ത ജെറോം ഇതുവരെ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.