ഡോക്യുമെന്ററിയ്ക്ക് പിന്നിൽ ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കം; ജി 20 അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തത്തിലെ രോക്ഷമാണിതെന്ന് ഗവർണർ

തിരുവനന്തപുരം; ബിബിസി ഡോക്യൂമെന്ററി വിവാദത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡോക്യുമെന്ററിയ്ക്ക് പിന്നിൽ ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കമാണെന്ന് അദ്ദേഹം പറഞ്ഞു. ജി 20 അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തത്തിലെ രോക്ഷമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സുപ്രീം കോടതി വിധികളെക്കാൾ ബിബിസി അഭിപ്രായങ്ങളെ മാനിക്കുന്നവർക്ക് അതാവാം. ലോക നേതാവായി ഇന്ത്യ മാറുമ്പോൾ ചിലർക്ക് നിരാശ ഉണ്ടാകാം. ഇന്ത്യ കഷ്ണങ്ങൾ ആയി കാണാൻ അവർക്ക് ആഗ്രഹം ഉണ്ടാകും. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വിലയുണ്ട്. പക്ഷേ ഡോക്യുമെന്ററി ഇറങ്ങിയ സമയം പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്തുകൊണ്ട് ഈ സമയത്ത് ഡോക്യുമെന്ററി പുറത്ത് വിടുന്നതെന്ന് ആലോചിക്കണമെന്നും ഗവർണർ അറിയിച്ചു. ഇന്ത്യൻ വംശജൻ പ്രധാനമന്ത്രിയായപ്പോൾ പോലും ചിലർ അസഹിഷ്ണുത കാണിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, സർവകലാശാല ഭേദഗതി ബിൽ രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവർണർ പറഞ്ഞു. തനിക്ക് മുമ്പിൽ മറ്റ് വഴികളില്ല. സർക്കാരുമായി പോരിനില്ല. നിയം നിർമ്മാണം നടത്താനുള്ള സ്വാതന്ത്ര്യവും അധികാരവും സർക്കാരിനുണ്ട്. തെറ്റുകൾ ചോദ്യം ചെയ്യാൻ താൻ പ്രതിപക്ഷ നേതാവല്ല. സർക്കാർ നീക്കങ്ങൾ കോടതി വിധി മാനിച്ചായിരിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.