ജനറൽ ടിക്കറ്റെടുത്തവർക്ക് ഒഴിവുള്ള സ്ലീപ്പർ കോച്ചുകൾ ഉപയോഗിക്കാം; അറിയിപ്പുമായി റെയിൽവേ

ന്യൂഡൽഹി: ജനറൽ ടിക്കറ്റെടുത്തവർക്ക് ഒഴിവുള്ള സ്ലീപ്പർ കോച്ചുകൾ ഉപയോഗിക്കാമെന്ന് റെയിൽവേ ബോർഡ്. യാത്രക്കാർക്ക് യാത്ര സുഗമമാക്കാൻ സ്ലീപ്പർ കോച്ചുകളെല്ലാം ജനറൽ കോച്ചുകളാക്കി മാറ്റാൻ പദ്ധതിയിടുകയാണ് റെയിൽവേ അധികൃതർ. ഈ കോച്ചുകൾക്ക് പുറത്ത് റിസർവ് ചെയ്യാത്ത സീറ്റുകൾ അടയാളപ്പെടുത്തുമെന്നും ജനറൽ കോച്ചുകളാക്കി മാറ്റിയതിന് ശേഷം ഈ കോച്ചുകളിൽ മിഡിൽ ബർത്തുകൾ അനുവദിക്കില്ലെന്നും റെയിൽവെ വ്യക്തമാക്കി.

പുതിയ തീരുമാന പ്രകാരം സ്ലീപ്പർ കോച്ചുകളിൽ റിസർവേഷൻ ഇല്ലാതെയും യാത്ര ചെയ്യാൻ കഴിയും. ജനറൽ ക്ലാസ് യാത്രക്കാർക്ക് അവരുടെ ടിക്കറ്റ് ഉപയോഗിച്ച് ഒഴിവുള്ള ബർത്തുകളുള്ള സ്ലീപ്പർ കോച്ചുകളിൽ സീറ്റ് എടുക്കാം. ഇങ്ങനെ പ്രത്യേകം ലഭ്യമാക്കിയിരിക്കുന്ന കോച്ചുകൾ ഉപയോഗിക്കുന്നതു കൊണ്ട് അധിക തുകയോ പിഴയോ ഈടാക്കില്ല. നേരത്തെ കോവിഡ് കാലത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ ജനറൽ കോച്ചുകളിൽ റിസർവ് ചെയ്യാത്ത പാസഞ്ചർ സർവീസുകൾ ലഭ്യമാക്കിയിരുന്നു.

ജനറൽ കോച്ചുകളിൽ പഴയ പോലെ റിസർവേഷന്റെ ആവശ്യമില്ലെന്ന് കഴിഞ്ഞ ജൂലൈയിൽ ഈസ്റ്റ് സെൻട്രൽ റെയിൽവേ അറിയിച്ചിരുന്നു. അതേസമയം, യാത്രക്കാരുടെ സൗകര്യം പരിഗണിച്ചായിരുന്നു ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ പുതിയ തീരുമാനം. പുതിയ തീരുമാന പ്രകാരം ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവർ ടിക്കറ്റ് റിസർവ് ചെയ്യേണ്ട ആവശ്യമില്ല. ടിക്കറ്റ് കൗണ്ടറിൽ നിന്ന് സാധാരണ ടിക്കറ്റ് എടുത്താൽ മതിയാവും. കോവിഡ് കാലത്തിന് മുമ്പ് ചെയ്യാറുള്ളത് പോലെത്തന്നെ യാത്രക്കാർക്ക് റിസർവേഷൻ ടിക്കറ്റില്ലാതെ തന്നെ ജനറൽ കോച്ചുകളിൽ യാത്ര ചെയ്യാമെന്നാണ് റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കി.