സിബിഐ അന്വേഷണം ശരിയായ രീതിയിലല്ല; ഹൈക്കോടതിയെ സമീപിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ

കൊച്ചി: പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ. മക്കളുടെ മരണത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണം ശരിയായ രീതിയിൽ അല്ല നടക്കുന്നതെന്നാരോപിച്ചാണ് വാളയാർ പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്.

അന്വേഷണത്തിന് കോടതിയുടെ മേൽനോട്ടം വേണമെന്ന ആവശ്യവും ഇവർ ഉന്നയിക്കുന്നു. മക്കളുടെ മരണം കൊലപാതകമാണോ എന്ന കാര്യത്തിലും കേസിലെ പ്രതികളായ രണ്ട് പേരുടെ ദുരൂഹ മരണത്തെക്കുറിച്ചും അന്വേഷണം വേണം. പെൺകുട്ടികളുടെ മരണത്തിൽ അശ്ലീലചിത്ര മാഫിയക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കണം. അന്വേഷണത്തിന്റെ തൽസ്ഥിതി അറിയിക്കാൻ സിബിഐക്ക് നിർദേശം നൽകണമെന്നും പെൺകുട്ടികളുടെ അമ്മ കോടതിയിൽ ആവശ്യപ്പെട്ടു.

വാളയാർ അട്ടപ്പള്ളത്തെ ഷെഡിൽ 2017 ജനുവരി 13 നാണ് പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിന് ഒമ്പത് വയസ്സുള്ള ഇളയ സഹോദരിയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.