ഉപ്പുതിന്നവർ ആരായാലും വെളളം കുടിക്കും; പാർട്ടിക്ക് നിരക്കാത്ത കുറ്റം ചെയ്യുന്നവർ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് എം എ ബേബി

ആലപ്പുഴ: ആലപ്പുഴയിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം നേതാവ് എം എ ബേബി. ഉപ്പുതിന്നവർ ആരായാലും വെളളം കുടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രാരംഭ നടപടിയാണ് ഇപ്പോഴത്തേതെന്നും അദ്ദേഹം വ്യക്തമാക്കി. മാരാരിക്കുളത്ത് സിപിഎമ്മിന്റെ ഭവന സന്ദർശന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഒരുപാട് വൈകല്ല്യങ്ങൾ നിലനിൽക്കുന്ന സമൂഹത്തിലാണ് പാർട്ടിയും പ്രവർത്തിക്കുന്നത്. വൈകല്ല്യങ്ങൾ പാർട്ടിയേും ബാധിച്ചുവെന്ന് വരാം. എന്നാൽ, പാർട്ടിക്ക് നിരക്കാത്ത കുറ്റം ചെയ്യുന്നവർ ശിക്ഷ അനുഭവിക്കേണ്ടി വരും. പാർട്ടിക്ക് നിരക്കാത്ത ജീവിത ശൈലിയുമായി ആര് പോയാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, ലഹരിക്കടത്ത് കേസിൽ ആരോപണം ഉയർന്ന സി പി എം കൗൺസിലർ ഷാനവാസിനെതിരെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്രാ തെരേസാ ജോൺ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.