തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജുഡീഷ്യറിയെ വിരട്ടി പരിധിയിലാക്കാനാണ് കേന്ദ്ര സർക്കാരും ഉപരാഷ്ട്രപതിയും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജുഡീഷ്യറി സമർപ്പിക്കുന്ന കൊളീജിയം നിർദ്ദേശങ്ങളെ എല്ലാം സർക്കാർ തള്ളിക്കളയുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
ജുഡീഷ്യറിയെ ഒട്ടുംതന്നെ അംഗീകരിച്ചു കൊടുക്കാതെ സംഘപരിവാറിന്റെ അജൻഡ നടപ്പാക്കാനാണ് ശ്രമം. ഭരണഘടനയുടെ അനുഛേദം 50 അനുസരിച്ച് ജുഡീഷ്യറിക്കും നിയമ നിർമാണസഭയ്ക്കും അധികാരം വിഭജിച്ചു നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ നീക്കം ജുഡീഷ്യറിയുടെ അധികാരത്തിന് മേലുള്ള കടന്നു കയറ്റമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നാഷണൽ ജുഡീഷ്യൽ അപ്പോയിൻമെന്റ് കമ്മിഷൻ ഭരണഘടനയുടെ അനുഛേദം 124 എ പ്രകാരം നിലവിൽ വന്നത് സുപ്രീംകോടതി 2015 ഒക്ടോബർ 16ന് റദ്ദാക്കിയിരുന്നു. സുപ്രീംകോടതി വിധി ഭരണഘടനയുടെ അനുഛേദം 141 അനുസരിച്ച് രാജ്യത്തിന്റെ നിയമമാണ്. നിയമനിർമാണ സഭയാണ് പരമാധികാരിയെന്ന ഉപരാഷ്ട്രപതി ജഗദീപ് ധൻകറുടെ പ്രസ്താവന ഭരണഘടനയെ കുറിച്ചുളള അറിവില്ലായ്മയും ജുഡീഷ്യറിയെ ചെറുതാക്കി കാണിക്കുന്നതിന് തുല്യവുമാണ്. സുപ്രീം കോടതിയേയും കൊളീജിയം സംവിധാനത്തെയും കുറിച്ച് അദ്ദേഹം നടത്തുന്ന പരാമർശങ്ങൾ അസാധാരണവും കീഴ്വഴക്കങ്ങൾക്ക് വിരുദ്ധവുമാണെന്ന് കെ സുധാകരൻ അഭിപ്രായപ്പെട്ടു.

