തന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റര്‍ ആയി തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന മാളികപ്പുറത്തിന്റെ വിജയത്തിന് നന്ദി പറയാന്‍ ശബരിമലയില്‍ നേരിട്ടെത്തി നടന് ഉണ്ണിമുകുന്ദന്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആദരവ് ഏറ്റുവാങ്ങുന്നതിന് കൂടിയാണ് ഉണ്ണി മുകുന്ദന് സന്നിധാനത്ത് എത്തിയത്. തന്റെ ജീവിതത്തില്‍ ജനുവരി പതിന്നാലിനുള്ള പ്രാധാന്യം വ്യക്തമാക്കികൊണ്ട് താരം ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് സന്നിധാനത്തെത്തിയ വിവരം അറിയിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നമസ്കാരം,
ഇന്ന് ജനുവരി 14. ഈ ദിവസത്തിന് എന്റെ ജീവിതത്തില്‍ ഒരുപാട് പ്രാധാന്യം ഉണ്ട്. ഞാന്‍ ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കാനായി ക്യാമറയ്ക്ക് മുന്നില്‍ നിന്നത് ഒരു ജനുവരി 14 ന് ആയിരുന്നു. അതുപോലെ എന്റെ ആദ്യ നിര്‍മാണ സംരംഭം എന്ന നിലയിലും ഒരു ആക്ടര്‍ എന്ന തരത്തില്‍ എനിക്ക് ഒരു നാഴികകല്ലായും, നിരവധി അവാര്‍ഡുകളടക്കം കരസ്ഥമാക്കുന്നതിനും കാരണമായി മാറിയ നിങ്ങള്‍ നെഞ്ചിലേറ്റി വിജയിപ്പിച്ച മേപ്പടിയാന് റിലീസ് ആയതും കഴിഞ്ഞ ജനുവരി 14 ന് ആയിരുന്നു. വീണ്ടും ഒരു ജനുവരി 14 മകരവിളക്ക് ദിനത്തില്‍ എന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റര്‍ ആയി തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന മാളികപ്പുറത്തിന്റെ വിജയത്തിന് നന്ദി പറയാനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആദരവ് ഏറ്റുവാങ്ങാനുമായി ഞാന്‍ സന്നിധാനത്ത് അയ്യന്റെ അടുത്താണ് ഉള്ളത്.
മേപ്പടിയാനില്‍ ഒരു അയ്യപ്പ ഭക്തിഗാനം പാടാനുള്ള സൗഭാഗ്യം തേടിയെത്തിയപ്പോള്‍ പിന്നീട് എന്നെ തേടിയെത്തിയത് അയ്യപ്പനായി തന്നെ അഭിനയിക്കാനുള്ള നിയോഗമായിരുന്നു.
ഇനിയുള്ള എല്ലാ മകരവിളക്ക് ദിനങ്ങളും എന്റെ ജീവിതത്തിലെ ഓരോ നാഴികക്കല്ലുകളായി മാറട്ടെ എന്ന് മാത്രം ഞാന്‍ അയ്യപ്പസ്വാമിയോട് പ്രാര്‍ത്ഥിക്കുന്നു.
സ്നേഹത്തോടെ,
ഉണ്ണി

