വാഷിംഗ്ടണ്: യുഎസിലെ ആദ്യ സിഖ് വനിതാ ജഡ്ജിയായി ഇന്ത്യന് വംശജ മന്പ്രീത് മോണിക്ക സിംഗ് ചുമതലയേറ്റു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹാരിസ് കൗണ്ടിയിലെ സിവില് കോടതിയുടെ ജഡ്ജിയായി മന്പ്രീത് അധികാരമേറ്റത്.
ഹൂസ്റ്റണില് നിന്നുള്ള വ്യക്തിയായതിനാല് പദവി ഏറെ വിലപ്പെട്ടതാണെന്നും വളരെയധികം സന്തോഷം തോന്നുന്നുവെന്നും ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില് മന്പ്രീത് പറഞ്ഞു. ടെക്സാസിലെ ആദ്യ ദക്ഷിണേഷ്യന് ജഡ്ജിയായ രവി സെന്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങില് അദ്ധ്യക്ഷനായത്. സിഖ് സമുദായത്തിന് ഇത് വലിയ നേട്ടമാണെന്നും, മന്പ്രീത് സിഖ് സമുദായത്തിന്റെ മാത്രമല്ല, മറിച്ച് എല്ലാ വിഭാഗത്തിലെയും വനിതകളുടെ പ്രതിനിധിയാണെന്നും രവി സെന്തില് വ്യക്തമാക്കി. ഇത് സിഖ് സമുദായത്തിന് അഭിമാനകരമായ ദിവസമാണെന്ന് ഹൂസ്റ്റണ് മേയര് സില്വെസ്റ്റര് ടര്ണര് പറഞ്ഞു. കോടതിയുടെ വൈവിദ്ധ്യത്തില് ഹൂസ്റ്റണ് നഗരത്തിന്റെ വൈവിദ്ധ്യം കാണുന്ന എല്ലാ വിഭാഗത്തിലെ ആളുകള്ക്കും അഭിമാനകരമായ ദിവസമായിരുന്നെന്നും മേയര് ചൂണ്ടിക്കാട്ടി.
അതേസമയം, 1970ലായിരുന്നു മന്പ്രീതിന്റെ പിതാവ് യു എസിലേയ്ക്ക് കുടിയേറിയത്. ടെക്സാസിലെ ഹൂസ്റ്റണിലായിരുന്നു മന്പ്രീത് സിംഗ് ജനിച്ചതും വളര്ന്നതും. നിലവില് ഭര്ത്താവിനും രണ്ട് മക്കള്ക്കുമൊപ്പം ബെല്ലൈറെയിലാണ് മന്പ്രീത് താമസിക്കുന്നത്. ഇരുപത് വര്ഷം അഭിഭാഷകയായി പ്രവര്ത്തിച്ച മന്പ്രീത് പ്രാദേശിക, സംസ്ഥാന, ദേശീയ തലങ്ങളില് നിരവധി പൗരാവകാശ സംഘടനകളില് പ്രവര്ത്തിച്ചിട്ടുണ്ട്.

