സ്‌കൂളുകളില്‍ ഈ മാസം അവസാനത്തോടെ തസ്തികനിര്‍ണയം പൂര്‍ത്തിയാക്കും: മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ രണ്ടാഴ്ചയ്ക്കകം തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ പ്രതികരണമെങ്കിലും ഇപ്പോഴും നടപ്പായിട്ടില്ല. ജില്ലകളില്‍നിന്നുള്ള കണക്കെടുപ്പും നടപടികളും പൂര്‍ത്തിയാക്കാന്‍ കുറച്ചുസമയം കൂടി വേണമെന്നും, ഈ മാസം അവസാനത്തോടെ തസ്തികനിര്‍ണയം പൂര്‍ത്തിയാക്കാനാകുമെന്നും മന്ത്രി ഇന്നലെ വ്യക്തമാക്കി.

അതേസമയം, കോവിഡ് പ്രതിസന്ധിയില്‍ സ്‌കൂളുകള്‍ അടഞ്ഞുകിടന്നതിനാല്‍ കഴിഞ്ഞ 2 വര്‍ഷവും അധ്യാപക തസ്തികനിര്‍ണയം നടത്തിയിരുന്നില്ല. ഈ നടപടി അനിശ്ചിതമായി നീളുമ്പോള്‍ അധ്യാപക ജോലി കാത്തിരിക്കുന്ന ഒട്ടേറെ ഉദ്യോഗാര്‍ഥികളുടെ ഭാവിയും അനിശ്ചിതത്വത്തിലാവുകയാണ്.

സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് അധ്യാപകര്‍ ഇല്ലാത്തത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ട്. നിലവില്‍ പലയിടത്തും ദിവസ വേതനത്തിന് താല്‍ക്കാലിക അധ്യാപകരെ നിയമിച്ചിരിക്കുകയാണ്.