പല വിധത്തിലുള്ള മെസേജുകള്‍ക്കുപരിയായി ഫോട്ടോസും വീഡിയോസും ഡോക്യുമെന്റുകളും പങ്കുവെയ്ക്കാനും ഗ്രൂപ്പ് വീഡിയോ കോള്‍ അടക്കം ചെയ്യാനുമുള്ള സംവിധാനവും വാട്ട്‌സാപ്പിലുണ്ട്. ഇത്തരത്തില്‍ ഉപകാരപ്രദമായ ഫീച്ചറുകള്‍ അപഡേറ്റുകള്‍ വഴി ഉപയോക്താക്കളിലെത്തിക്കാന്‍ വാട്‌സാപ്പ് ശ്രമിക്കാറുണ്ട്.
അത്തരത്തില്‍ വാട്ട്‌സാപ്പ് അവതരിപ്പിച്ച മികച്ച ഫീച്ചറുകളില്‍ ഒന്നായിരുന്നു സ്റ്റാറ്റസ് പങ്കുവെയ്ക്കാനുള്ള സൗകര്യം. ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ ആപ്പുകളിലെ പോലെ സ്റ്റാറ്റസുകള്‍ പങ്കുവെയ്ക്കാനുള്ള ഫീച്ചര്‍ വാട്ട്‌സാപ്പിന്റെ സ്വീകാര്യത വലിയ രീതിയില്‍ വര്‍ദ്ധിക്കുന്നതിന് കാരണമായി എന്ന് തന്നെ പറയാം. ഉപയോക്താക്കളുടെ മനഃസ്ഥിതി അനുസരിച്ച് പല തരത്തിലുള്ള മീഡിയ ദിവസവും വാട്ട്‌സാപ്പ് സ്റ്റാറ്റസ് വഴി പങ്കുവെയ്ക്കാറുണ്ട്. സുരക്ഷാ ഫീച്ചറുകളില്‍ അധികം വിട്ടുവീഴ്ച വരുത്താത്ത വാട്‌സാപ്പ്, സ്റ്റാറ്റസ് പങ്കുവെയ്ക്കുന്നതിനും പുതിയ മാനദണ്ഡങ്ങള്‍ നടപ്പാക്കാനൊരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഉപയോക്താവിന്റെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള ആരെങ്കിലും സ്റ്റാറ്റസ് മുഖാന്തരം അശ്ശീല വീഡിയോകളോ അപകീര്‍ത്തിപരമായ എന്ത് തരം മീഡിയയും കമ്ബനിയുടെ പോളിസി ലംഘിച്ച് കൊണ്ട് ഷെയര്‍ ചെയ്യുകയാണെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യാനുള്‌ല ഫീച്ചറായിരിക്കും ഇത്. പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്ട്‌സാപ്പ് എന്നാണ് വിവരം. വരുന്ന അപ്‌ഡേറ്റുകളില്‍ ഈ ഫീച്ചര്‍ വാട്ട്‌സാപ്പ് അവതരിപ്പിക്കാനാണ് സാധ്യത.

