വയനാട്: വയനാട് ജില്ലയിലെ പൊരുന്നന്നൂർ ആരോഗ്യ ബ്ലോക്ക് പരിധിയിൽ വെള്ളമുണ്ട, എടവക എന്നീ പഞ്ചായത്തുകളിൽ അഞ്ചാംപനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് ഡോ. പി. ദിനീഷ് അറിയിച്ചു. ഭാഗികമായി മാത്രം കുത്തിവെപ്പെടുത്ത രണ്ട് കുട്ടികളിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. ആലപ്പുഴ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ രക്ത പരിശോധനയിലാണ് ഒമ്പത്, പത്ത് വയസ്സുകളുള്ള കുട്ടികളിൽ രോഗം സ്ഥിരീകരിച്ചത്. ഇവിടങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.
എന്താണ് അഞ്ചാം പനി
പാരാമിക്‌സോ വൈറസ് വിഭാഗത്തിൽപ്പെടുന്ന മോർബിലി വൈറസ് ഉണ്ടാക്കുന്ന രോഗമാണ് അഞ്ചാം പനി. നമ്മുടെ നാട്ടിൽ ആറു മാസം മുതൽ അഞ്ചു വയസ്സ് വരെയുള്ള കുട്ടികളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്.
ലക്ഷണങ്ങൾ
പനിയാണ് ആദ്യ ലക്ഷണം. ചുമ, കണ്ണ് ചുവക്കൽ, ജലദോഷം എന്നിവയും ഉണ്ടാകും. നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പിറകിൽനിന്ന് തുടങ്ങി മുഖത്തേക്ക് പടർന്ന ശേഷം ദേഹമാസകലം ചുവന്ന അടയാളം കാണപ്പെടും. വയറിളക്കം, ഛർദി, ശക്തമായ വയറുവേദന, അപ്പെന്റിക്‌സിന്റെ പഴുപ്പ്, ബ്ലൈൻഡ്‌നെസ്സ്, ന്യുമോണിയ, എൻസഫൈലിറ്റസ് എന്നിവയും ഉണ്ടാകാം. വയറിളക്കം കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ നിർജ്ജലീകരണം മൂലം മരണം വരെ സംഭവിക്കാം.
രോഗപ്പകർച്ച
അസുഖമുള്ള ഒരാളുടെ കണ്ണിൽനിന്നുള്ള സ്രവത്തിൽ നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങൾ വഴിയോ രോഗപ്പകർച്ചയുണ്ടാകാം. മുഖാമുഖസമ്പർക്കം വേണമെന്നില്ല. ഒരു രോഗിയുടെ സ്രവങ്ങളുമായി സമ്പർക്കമുണ്ടായ 90 ശതമാനം ആൾക്കാർക്കും അഞ്ചാം പനി പിടിപെടാം.
സങ്കീർണതകൾ
അഞ്ചാം പനി കാരണം ഏറ്റവും കൂടുതൽ ഉണ്ടാകുന്ന പ്രശ്‌നം വയറിളക്കത്തിന്റെ ഭാഗമായുള്ള നിർജ്ജലീകരണവും ചെവിയിൽ പഴുപ്പുമാണ്. ഈ പഴുപ്പ് യഥാവിധം ചികിത്സിച്ചില്ലെങ്കിൽ മെനിഞ്ചിറ്റിസ് പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാകാം. വിറ്റാമിൻ എ യുടെ കുറവും വ്യത്യസ്ത തരത്തിലുള്ള ശ്വാസകോശ രോഗങ്ങളും ഈ അസുഖത്തിന്റെ ഭവിഷ്യത്തുകളാണ്.
പ്രതിരോധ മാർഗം
രോഗം തടയാൻ കുത്തിവെപ്പ് പട്ടിക പ്രകാരം കുട്ടിക്ക് ഒമ്പത് മാസം തികയുമ്പോൾ ആദ്യ ഡോസ് എം.ആറും കൂടെ വിറ്റാമിൻ എ തുള്ളികളും നൽകണം. ഒന്നരവയസ്സ് മുതൽ രണ്ടുവയസ്സ് വരെ രണ്ടാമത്തെ ഡോസ് നൽകാം. കുത്തിവെപ്പ് എടുത്ത കുട്ടികൾക്ക് രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്.
വിറ്റാമിൻ എ യ്ക്ക് മുഖ്യസ്ഥാനം
ആന്റി ഇൻഫെക്റ്റീവ് വൈറ്റമിൻ എന്നറിയപ്പെടുന്ന വിറ്റാമിൻ എ ശരീരത്തിന്റെ പ്രതിരോധശേഷി നിലനിർത്തുന്നതിന് പുറമേ കാഴ്ച, പ്രജനനം, കോശങ്ങൾക്കിടയിലുള്ള ആശയവിനിമയം അടക്കം നിരവധി പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കുന്നു. അഞ്ചാം പനിയുടെ വൈറസ് ശരീരത്തിലെ വിറ്റാമിൻ എ യുടെ അളവ് കുറയ്ക്കുന്നു. വിറ്റാമിൻ എയുടെ അളവ് കുറയുന്നത് അഞ്ചാംപനിയുടെ തീവ്രത വർധിപ്പിക്കും.
2019 ജൂലൈയിലാണ് ഇതിന് മുമ്പ് ജില്ലയിൽ അവസാനമായി മീസിൽസ് കേസ് സ്ഥിരീകരിച്ചത്. ജില്ലയിൽ അഞ്ചാം പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ ബാക്കിയുള്ള മുഴുവൻ കുട്ടികളും പ്രതിരോധ കുത്തിവെപ്പെടുക്കണമെന്നും ശരീരത്തിൽ ചുവന്ന പാട്, പനി എന്നീ ലക്ഷണമുള്ളവർ സ്വയം ചികിത്സക്കാതെ ഡോക്ടറുടെ സേവനം തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസ് അറിയിച്ചു.

