ബ്രസീലിയ: ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഒരു സ്റ്റേഡിയത്തിന് ഫുട്ബോള്‍ ഇതിഹാസം പെലെയുടെ നാമം നല്‍കാന്‍ ആവശ്യപ്പെടുമെന്ന് സാന്റോസില്‍ പെലെയുടെ സംസ്‌കാര ചടങ്ങില്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയ ഫിഫ തലവന്‍ ജിയാന്നി ഇന്‍ഫാന്റിനോ പറഞ്ഞു.
‘പെലെ അനശ്വരനാണ്. ഫുട്ബോളിന്റെ ആഗോള പ്രതീകമാണ് അദ്ദേഹം. വലിയ ദുഃഖത്തോടെയാണ് നമ്മള്‍ ഇവിടെ നില്‍ക്കുന്നത്. ഒരുപാട് വികാരങ്ങളിലൂടെയും വേദനയിലൂടെയുമാണ് കടന്നുപോകുന്നത്. എന്നാല്‍, നമുക്ക് ഒരുപാട് പുഞ്ചിരികള്‍ സമ്മാനിച്ചയാളാണ് അദ്ദേഹം. അതുകൊണ്ട് ആ പുഞ്ചിരി നമുക്കുണ്ട്. ഫിഫ രാജാവിന് ആദരമര്‍പ്പിക്കുകയും ലോകത്തോടു മുഴുവന്‍ ഒരു നിമിഷം മൗനമാചരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു’-ഇന്‍ഫാന്റിനോ പറഞ്ഞു.
2022 ഡിസംബര്‍ 29നാണ് ഫുട്ബോള്‍ ചരിത്രം കണ്ട എക്കാലത്തെയും വലിയ ഇതിഹാസം വിടപറയുന്നത്. 2021 മുതല്‍ അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. അര്‍ബുദത്തിന് പുറമേ ഹൃദയ, വൃക്ക സംബന്ധമായ പ്രശ്നങ്ങളും താരം നേരിട്ടിരുന്നു.

